രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; മൊഴിയെടുക്കൽ തുടങ്ങി
Tuesday, September 2, 2025 1:27 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം. പരാതിക്കാരനായ ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കൽ.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നു കാണിച്ച് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണു ഷിന്റോ പരാതി നൽകിയത്. ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.
വീഡിയോകൾ ഉൾപ്പെടെയുവ അന്വേഷണസംഘത്തിനു കൈമാറിയതായി ഷിന്റോ സെബാസ്റ്റ്യൻ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിനിരയായ യുവതിക്കു പരാതിയുമായി മുന്പോട്ടു പോകാനുള്ള അന്തരീക്ഷം ഇപ്പോഴില്ല. വലിയ ആക്രമണമാണു സൈബറിടത്തിൽ നടക്കുന്നതെന്നും ഷിന്റോ പറഞ്ഞു.
സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടർന്നു ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണു ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.