ഇ- മാലിന്യശേഖരണം: കൂടുതൽ തുക നല്‍കിയത് എറണാകുളം ജില്ലയിൽ
Wednesday, September 3, 2025 2:05 AM IST
കൊച്ചി: ഒന്നരമാസംകൊണ്ട് ഹരിതകര്‍മസേന എറണാകുളം ജില്ലയിലെ നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍നിന്നു ശേഖരിച്ചത് 15682.08 കിലോ മാലിന്യം.
ഇത്തരത്തില്‍ ശേഖരിച്ചവയില്നിന്ന് പുനഃചംക്രമണ യോഗ്യമായ മാലിന്യത്തിന് കൂടുതല്‍ പണം നല്കിയവയുടെ പട്ടികയില്‍ ജില്ല ഒന്നാമതുമെത്തി. 1,28,889.6 രൂപയാണ് ജില്ലയില്‍ ഈയിനത്തില്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ക്ലീന്‍ കേരള കമ്പനിക്കു കൈമാറിയത് 79,299.67 കിലോ ഇ- മാലിന്യമാണ്. ഇ- മാലിന്യം ശേഖരിച്ചതിലൂടെ ഹരിതകര്‍മസേന വീടുകളിലേക്കു നല്‍കിയത് ആകെ 6,39,541.66 രൂപയും.
14 ജില്ലകളില്‍നിന്നായി 93 നഗരസഭകളിലാണു പദ്ധതി നടപ്പാക്കിയത്. ആകെ 3503 വാര്‍ഡുകളുമുണ്ട്. ഇതില്‍ 1082 വാര്‍ഡുകളിലാണു ശേഖരണം നടന്നത്. ജൂലൈ 15നാണ് ഹരിതകര്‍മസേന ഇ-മാലിന്യം പണം നല്കി ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്.
ശുചിത്വമിഷന്, ഹരിതകേരള മിഷന്, കുടുംബശ്രീ മിഷന് എന്നിവയുടെ പിന്തുണയോടെ അതത് നഗരസഭകളുടെ നേതൃത്വത്തിലാണു പദ്ധതി. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിനനുസരിച്ച് ക്ലീന്‍ കേരള കമ്പനി നിശ്ചയിച്ചപ്രകാരമുള്ള തുക ഹരിതകര്‍മ സേനാംഗങ്ങള്‍ കണ്‍സോര്‍ഷ്യം ഫണ്ടില്‍നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്നോ നല്‍കും. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ നഗരസഭകളില്‍നിന്ന് ഏറ്റെടുത്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പണം നല്‍കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യങ്ങള്‍ക്കാണ് പണം ലഭിക്കുക.
അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഗണത്തില്‍പ്പെടുന്ന 44 ഇനങ്ങളാണു കിലോഗ്രാം നിരക്കില്‍ വില നല്കി ശേഖരിക്കുന്നത്. നഗരസഭകള്‍ക്കു കീഴില്‍ നടപ്പാക്കുന്ന പദ്ധതി അടുത്ത ഘട്ടത്തില്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
വിവിധ ജില്ലകൾ ശേഖരിച്ച മാലിന്യം
(കിലോക്കണക്കിൽ)
തിരുവനന്തപുരം -6420
കൊല്ലം -1596.19
പത്തനംതിട്ട -10235
ആലപ്പുഴ -15936.34
കോട്ടയം -7939.62
ഇടുക്കി - 890
എറണാകുളം -15682.08
തൃശൂര്‍ -3218
പാലക്കാട് -02225.54
മലപ്പുറം -2888.9
കോഴിക്കോട് -6260
കണ്ണൂര്‍ -3838
വയനാട് -525
കാസര്‍ഗോഡ്