പ്രളയക്കെടുതിയെത്തുടർന്ന് ഹിമാചലിൽ കുടുങ്ങിയ മലയാളിസംഘത്തെ പുറത്തെത്തിക്കാനായില്ല
Tuesday, September 2, 2025 1:23 AM IST
കൊച്ചി: പ്രളയക്കെടുതിയെത്തുടർന്ന് ഹിമാചൽപ്രദേശിൽ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര സംഘത്തിന്റെ രക്ഷാദൗത്യം നീളുന്നു. ഇന്നലെയും കനത്ത മഴ തുടര്‍ന്നതോടെയാണു സംഘത്തെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലായത്.
നിലവില്‍ കല്പ ഗ്രാമത്തിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തുടരുന്ന സംഘത്തില്‍ 18 മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണുള്ളത്. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് മലപ്പുറം സ്വദേശി ഷാരൂഖ് പറഞ്ഞു.
താമസസ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാറി വീണ്ടും മണ്ണിടിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവരും കുടുംബങ്ങളുമായി സംസാരിച്ചു. ഭക്ഷണവും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
കനത്ത മഴ തുടരുന്നതിനാല്‍ ഹെലികോപ്റ്റര്‍ മുഖേന സഞ്ചാരികളെ മാറ്റാനുള്ള നീക്കവും പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തില്‍ ഗസ്റ്റ്ഹൗസിൽത്തന്നെ തുടരാനാണു സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
മലയാളികളെയടക്കം രക്ഷപ്പെടുത്തി തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹിമാചല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റി വാലി സന്ദര്‍ശിക്കാന്‍ പോയത്.
തിരിച്ചുവരാനിരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. ഷിംലയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍വസ്ഥിതിയാലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.