നെല്ലിന്റെ വില ഓണത്തിനു മുമ്പെന്ന് മന്ത്രി
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: നെല്‍കര്‍ഷകരില്‍ നിന്നു കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുന്‍പ് നല്‍കാനാണ് ശ്രമമെന്നു മന്ത്രി ജി.ആര്. അനില്‍. 207143 നെല്‍കര്‍ഷകരില്‍ നിന്നായി 5,81000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്.
ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചതില്‍ 1413 കോടി രൂപ നെല്‍കര്‍ഷകര്‍ക്കു നല്കി. 232 കോടി രൂപയുടെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രഗവണ്മെന്റിന്റെ പക്കല്‍ അനുവദിക്കാവുന്ന തരത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ 365.48 കോടി രൂപയുണ്ട്.
എന്നാല്‍ അത് സംസ്ഥാനത്തിനു കൈമാറുന്നതിനു തയാറായിട്ടില്ല. തുക അനുവദിക്കുന്നതിനായി സപ്ലൈക്കോ എംഡി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയിലാണ്. കേന്ദ്രഗവണ്മെന്റ് സഹായിച്ചാല്‍ ഓണത്തിനു മുന്‍പ് നെല്‍കര്‍ഷകരുടെ പണം മുഴുവനായും നല്കാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്തി
തിരുവനന്തപുരം: വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നുവെന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നതെന്നു മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലയില് നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നല്‍കിയിരുന്നു. ഓഗസ്റ്റ് 25 മുതല്‍ 457 രൂപയില്‍ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില സപ്ലൈകോ കുറച്ചു. നേരത്തേ ഒരു ബില്ലിന് ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്പന നടത്തുന്നത്. ഈ നടപടിയിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.