ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
Tuesday, September 2, 2025 1:23 AM IST
ഹരിപ്പാട്: ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് (52) ഞായറാഴ്ച അർധ രാത്രിയോടെ മരിച്ചത്. ആന ഇടഞ്ഞതിനെത്തുടർന്ന് തളയ്ക്കാൻ എത്തിയ മുരളീധരൻ നായരെ ആന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പാപ്പാനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ -40) ചികിത്സയിലാണ്. ഒന്നാം പാപ്പാൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ സ്കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെത്തുടർന്നു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമാണ് അഴിച്ചത്. തുടർന്ന് ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിനായി ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ആനയെ തന്ത്രി കുടുംബത്തിന്റെ വളപ്പിൽ എത്തിച്ചപ്പോൾ, ഒന്നാം പാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനെ ആന തട്ടിവീഴ്ത്തി. പ്രദീപ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. അപ്പോഴും ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ ഒരു മണിക്കൂറോളം ആനപ്പുറത്തു തുടർന്നു.
ശാന്തനായി കാണപ്പെട്ട ആന പെട്ടെന്നു പ്രകോപിതനായി, സുനിൽ കുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ട് ചവിട്ടി കുത്തുകയായിരുന്നു. തുടർന്ന്, സമീപക്ഷേത്രങ്ങളിൽനിന്നുള്ള പാപ്പാന്മാരെത്തി നാലോടെ ഏറെ പരിശ്രമത്തിനു ശേഷം ആനയെ തളച്ചു.
പിന്നീട്, ആനയെ വലിയകൊട്ടാരത്തിനു സമീപത്തെ ആനത്തറയിലേക്കു കൊണ്ടുപോയി. ഈ സമയം പാപ്പാൻ മുരളീധരൻ നായർ (52) ആനപ്പുറത്തു കയറി.
മറ്റ് പാപ്പാന്മാർ വടം ഉപയോഗിച്ച് ആനയെ നിയന്ത്രിച്ചു. എന്നാൽ, വലിയ കൊട്ടാരത്തിന്റെ വടക്കേ വാതിലിനു സമീപം എത്തിയപ്പോൾ, ആന മുരളീധരൻ നായരെ തുമ്പിക്കൈകൊണ്ടു വലിച്ചിഴച്ചു താഴെയിട്ടു കുത്തി.
തുടർന്ന്, പാപ്പാന്മാർ ഏറെ പണിപ്പെട്ട് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയ്ക്കു മയങ്ങാനുള്ള മരുന്നു കുത്തിവച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്.