ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം കവർന്നെടുക്കാനാകില്ല: മാർത്തോമ്മാ മെത്രാപ്പോലീത്ത
Wednesday, September 3, 2025 2:05 AM IST
തിരുവല്ല: ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കാനാകില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭയുടെ വാർഷിക പ്രതിനിധി മണ്ഡലം തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമാധാന കാംക്ഷികളും രാജ്യസ്നേഹികളുമായി രാഷ്ട്രനിർമാണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ നടവഴികളിലൂടെയുള്ള പ്രയാണത്തിന് തടസം സൃഷ്ടിക്കുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഒരു സുപ്രഭാതത്തിൽ മുളച്ചു വന്നവരല്ല ഭാരത ക്രൈസ്തവർ. എത്രയെത്ര തലമുറകളായി ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്.
രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങളും പോലീസ് നടപടികളും സൃഷ്ടിക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല. വൈദികർക്കും മിഷണറിമാർക്കുമെതിരേ നീങ്ങിയാൽ പാരിതോഷികം നൽകാമെന്ന് വരെ പരസ്യമായി വാഗ്ദാനം ചെയ്യുന്ന സ്ഥിതിയിലേക്ക് ജനപ്രതിനിധികൾ പോലും മാറുന്നത് അപകടകരമാണ്. മതപരിവർത്തന നിരോധന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. ജനസംഖ്യ യിൽ കുറവ് വരുന്ന ക്രൈസ്തവരെയും മറ്റും മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ചു സംരക്ഷണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നയങ്ങൾ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കാൻ കാരണമാകരുത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു സർക്കാർ എടുത്തിരിക്കുന്ന നയം കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കു പ്രോത്സാഹന ജനകമല്ല. സ്ഥിരനിയമന അംഗീകാരമില്ലാതെ അധ്യാപകരെ ദിവസവേതനക്കാരായി മാറ്റുന്നത് ഗുണനിലവാര തകർച്ചയിലേക്ക് നയിക്കുമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
പ്രഫ. എം. തോമസ് മാത്യു ധ്യാനപ്രസംഗം നടത്തി. സഫ്രഗൻ മെത്രാപ്പോലീ ത്താമാരായ യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തൂസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഭാ സെക്രട്ടറി റവ.എബി. ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, സഭാ വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി ആൻസിൽ സഖറിയാ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.