ഭരണഘടനാമൂല്യങ്ങൾ എക്കാലവും നിലനിൽക്കുന്നത്: ജസ്റ്റീസ് റോഹിംഗ്ടൻ ഫാലി നരിമാൻ
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: സർക്കാരുകൾ മാറിമാറി വരും എന്നാൽ ഭരണഘടനാ മൂല്യങ്ങളാണ് എക്കാലവും നിലനിൽക്കുന്നതെന്നും ഇത് എപ്പോഴും ഓർമ്മിക്കേണ്ടതാണെന്നും സുപ്രീം കോടതി മുൻ ജസ്റ്റീസ് റോഹിംഗ്ടൻ ഫാലി നരിമാൻ. വക്കം മൗലവി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എം. ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയ പതാകയെ കാണുമ്പോഴെല്ലാം രാജ്യത്തെ ഏതൊരു പൗരനും തന്റെ സഹോദരനാണെന്ന് ബോധ്യം മനസിലുണ്ടാകണം. ആത്യന്തിക വിശകലനത്തിൽ വ്യക്തിയുടെ അന്തസും ഒപ്പം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല, രാജ്യത്തെ എല്ലാവരെയുമാണ് അഭിസംബോധന ചെയ്യുന്നത്.
രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രധാന ഘടകവുമാണിത്. എന്നാൽ ഇന്ന് ചരിത്ര പുസ്തകങ്ങള്‍ വികലമാക്കപ്പെടുകയാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയുമെല്ലാം ധാർമിക പാഠങ്ങളാണ്. ഒരു മതവും അക്രമം പ്രോത്സാഹിപ്പിക്കുന്നില്ല.
ധാർമ്മിക പാതയിൽ നിന്ന് പിൻമാറിയാൽ അപകടമാണെന്ന മുന്നറിയിപ്പും മതങ്ങൾ മുന്നോട്ടുവയ്ക്കുന്നു. സ്വന്തം വിശ്വാസത്തെ തിരിച്ചറിയാത്തവന് മാത്രമാണ് മതഭ്രാന്തനാകുന്നത്. രാജ്യത്തിന് ഒരു മതമില്ല. മതത്തിന്റെ പേരിൽ രാജ്യം ഒരാളോടും വിവേചനം കാണിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഫ.ജമീല, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.സജിത ബഷീർ, ചെയർപേഴ്സൺ എൻജിനിയർ എ.സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു.