കെടിയുവിൽ ബജറ്റ് പാസായി; ശമ്പളവും പെൻഷനും കുടിശിക സഹിതം നൽകാൻ ഉത്തരവ്
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: സിൻഡിക്കറ്റ് ചേരാതെ ബജറ്റ് പാസാക്കാൻ കഴിയാതെ രണ്ടുമാസമായി ജീവനക്കാരുടെ പെൻഷനും ശമ്പളവും തടഞ്ഞിരിക്കുന്ന സാങ്കതിക സർവകലാശാലയിൽ വിസി സുപ്രീംകോടതിയെ സമീപിച്ചതോടെ ഇന്നലെ നടന്ന യോഗത്തിൽ എല്ലാ ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു. യോഗം ഈ വർഷത്തെ ബജറ്റ് അംഗീകരിച്ചു.
വിസി ഇന്നലെ തന്നെ ബോർഡ് ഗവർണേഴ്സിന്റെ അംഗീകാരത്തിനു വിധേയമായി ബജറ്റ് അംഗീകരിച്ചതോടെ പെൻഷനും ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് ഉത്തരവായി.
കോടതി ഉത്തരവ് പ്രകാരം അസാധുവാക്കിയിരുന്ന മുൻ സിൻഡിക്കറ്റിലെ അജണ്ടയിലുള്ള വിഷയങ്ങൾ എല്ലാം യോഗം പരിഗണിച്ചു.
ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മാതൃസ്ഥാപനങ്ങളിൽ മടങ്ങിപ്പോയ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവർക്ക് പുനർനിയമനം നൽകണമെന്നു യോഗം തീരുമാനിച്ചു. എന്നാൽ നിലവിലെ സർവകലാശാല നിയമ പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പുനർനിയമനം നൽകാൻ വ്യവസ്ഥയുള്ളൂ. പുതിയ രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും നിയമനത്തിനുള്ള വിജ്ഞാപനം യൂണിവേഴ്സിറ്റി പുറപ്പെടുവിച്ചിരിക്കുകയാണ്.
ഡോ. മിനി കാപ്പനെ മാറ്റിയത് അപേക്ഷ പ്രകാരം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ ചുമതലയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷ പ്രകാരമാണ് അവരെ ഇന്നലെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞമാസം 18നാണ് തന്നെ രജിസ്ട്രാറുടെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മിനി കാപ്പൻ വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയത്.
എന്നാൽ, ഇന്നലെ വരെ തുടരുന്നതിനു വൈസ് ചാൻസലർ നിർദേശിക്കുകയായിരുന്നു. മിനി കാപ്പൻ ചുമതല ഒഴിഞ്ഞതിനെത്തുടർന്ന് ജോയിന്റ് രജിസ്ട്രാർ ആർ. രശ്മി രജിസ്ട്രാറുടെ ചുമതലയേറ്റെടുത്തു. സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാർ രണ്ടുമാസമായി കൃത്യമായി ഓഫീസിൽ വന്നിരുന്നെങ്കിലും ഇന്നലെ അദ്ദേഹം ഹാജരായില്ല.
അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയതായി പുറമേ അവകാശവാദം ഉന്നയിച്ചിരുന്ന സിൻഡിക്കറ്റ് അംഗങ്ങൾ ആരുംതന്നെ ഇന്നലത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതുമില്ല.
63 പേർക്ക് പിഎച്ച്ഡി നൽകാനും നൂറുകോടി രൂപയുടെ പി.എം. ഉഷ ഫണ്ട് സമയബന്ധിതമായി മാർച്ച് 31ന് മുൻപ് ചെലവിടാനും സിൻഡിക്കറ്റ് തീരുമാനിച്ചു. കോളജുകളിൽ അഡിഷണൽ സീറ്റ് അനുവദിക്കണമെന്ന സിൻഡിക്കറ്റ് അംഗങ്ങളുടെ നിർദേശം വിസി നിരാകരിച്ചു.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവൺമെന്റ് സെക്രട്ടറിമാർ ഉൾപ്പെടെ മുഴുവൻ സിൻഡിക്കറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.