24.7 കോടി തട്ടിയ സംഭവം: ഡാനിയേലിനെ തേടി പോലീസ്
Wednesday, September 3, 2025 2:05 AM IST
കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.7 കോടി രൂപ നഷ്ടപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡാനിയേലിനെ തേടി പോലീസ്.
ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ടു പരാതിക്കാരനായ വ്യവസായിയുമായി ഡാനിയേല്‍ എന്നു പരിചയപ്പെടുത്തിയ മലയാളിയാണ് ആശയവിനിമയം നടത്തിയത്. ഇയാളുടെ നിര്‍ദേശപ്രകാരമാണു പലതവണകളായി 24.7 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യവസായി നിക്ഷേപിച്ചത്. ഫോണ്‍വഴി മാത്രം ഡാനിയല്‍ എന്നയാളുമായി ബന്ധപ്പെട്ടിരുന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നിലവില്‍ പോലീസ് അന്വേഷണം.
ഫോണില്‍ സംസാരിച്ചതും ടെലിഗ്രാമിലെ ആശയവിനിമയവുമാണ് തട്ടിപ്പുസംഘവുമായുള്ള വ്യവസായിയുടെ ഏക ബന്ധം. പേരിനപ്പുറം മറ്റു വിവരങ്ങള്‍ ഇല്ലാത്തത് അന്വേഷണത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ ഒരാള്‍ ഉണ്ടോയെന്നുള്ള സംശയവുമുണ്ട് പോലീസിന്.
കമ്പനി യഥാര്‍ഥമാണോ, ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നുണ്ടോ, ഇന്ത്യയില്‍ ക്യാപ്പിറ്റാലിക്സിന് രജിസ്ട്രേഷന് ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു. വ്യവസായി പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് വിവരശേഖരണം ആംഭിച്ചിട്ടുണ്ട്.
ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
അതിനിടെ, വ്യവസായിയെ കമ്പളിപ്പിച്ച കമ്പനി ക്യാപിറ്റാലിക്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കലിഫോര്ണിയയിലാണെന്ന് സൈബര്‍ സംഘം കണ്ടെത്തി. മുമ്പും രാജ്യാന്തര സൈബര്‍ തട്ടിപ്പുകേസുകളില്‍ ക്യാപിറ്റാലിക്സ് പ്രതിയായിട്ടുണ്ട്.
എളംകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 24.7 കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. ക്യാപിറ്റാലിക്സ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപിറ്റാലിക്സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചതായി വ്യവസായി നല്കിയ പരാതിയില്‍ പറയുന്നു.