ആദ്യം ശബരിമല യുവതീപ്രവേശന സമരക്കേസുകൾ പിൻവലിക്കണം: സി. സദാനന്ദൻ എംപി
Wednesday, September 3, 2025 2:05 AM IST
കണ്ണൂർ: സർക്കാർ ആത്മാർഥതയോടെയാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെങ്കിൽ യുവതീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ടു സമരം നടത്തിയവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുകയാണ് ആദ്യം വേണ്ടതെന്ന് രാജ്യസഭാംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദൻ. കണ്ണൂർ പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരവുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാന സർക്കാർ പെട്ടെന്ന് പിൻവലിച്ചിരുന്നു. എന്നാൽ, ശബരിമല വിഷയത്തിൽ അതുണ്ടായില്ല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ ബിജെപിയുടെ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ എടുത്ത കേസുകളൊന്നും പിൻവലിച്ചിട്ടില്ല. ഇതൊക്കെ നിലനില്‍ക്കേ അയ്യപ്പസംഗമം നടത്തുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.
സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ തനിക്ക് മാത്രമല്ല പാർട്ടിക്കും സംശയമുണ്ട്. യുവതീപ്രവേശനത്തിനെതിരേ ദേവസ്വം ബോർഡ് കോടതിയിൽ അപ്പീൽ നൽകാൻ പോകുന്നുവെന്നതിനെ സ്വാഗതം ചെയ്യുന്നു. ശബരിമലയിൽ ദർശനം നടത്തുന്നവരിൽ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയുമായി അടുപ്പമുള്ളവരാണെന്നും സി. സദാനന്ദൻ എംപി പറഞ്ഞു.