കോൺഗ്രസ് മാർച്ചിലെ സംഘർഷം: ജയിലിൽ സ്ഥലമില്ല, രാത്രി റിമാൻഡ് പ്രതികൾ കഴിഞ്ഞത് ജയിലിനു പുറത്ത്
Wednesday, March 29, 2023 12:42 AM IST
കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായി കോടതി റിമാൻഡ് ചെയ്ത പ്രതികൾ രാത്രി കഴിച്ചു കൂട്ടിയത് ജയിലിനു പുറത്ത്.
അറസ്റ്റ് ചെയ്ത സമരക്കാരെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ സബ് ജയിലിലേക്കു റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. എന്നാൽ ഇവരുമായി സബ് ജയിലിലെത്തിയ പോലീസിനോട് സബ് ജയിലിൽ സ്ഥലമില്ലെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞത്. ഇതോടെ പോലീസ് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അപ്പോഴേക്കും രാത്രി വൈകുകയും ചെയ്തു. ഇതിനിടെ റിമാൻഡിലായ പ്രതികൾ ജയിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജയിലിനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് മജിസ്ട്രേറ്റിനെ വിളിച്ച് സ്പെഷൽ സബ് ജയിലിലേക്കു പ്രതികളെ മാറ്റാനുള്ള ഉത്തരവ് വാങ്ങുകയായിരുന്നു.
ഉത്തരവ് ലഭിച്ച ശേഷം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഇവരെ സ്പെഷൽ സബ്ജയിലിലേക്ക് മാറ്റിയത്. ജയിൽ മാറ്റിയുള്ള ഉത്തരവ് ലഭിക്കുന്നതുവരെ സബ് ജയിലിനു മുന്നിലെ റോഡിലാണു പ്രതികൾ കഴിഞ്ഞത്.
ജയിലിലേക്കു പ്രവേശിപ്പിക്കാതെ തടവുകാരെ രാത്രി മുഴുവൻ ജയിലിനു പുറത്തു നിർത്തിച്ചത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജയിലുകളിലെ സൗകര്യത്തെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തേണ്ട പോലീസ് അക്കാര്യം ചെയ്യാത്തതാണ് ഇതിനു കാരണമായതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.