കേരള: സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണർ
Wednesday, September 28, 2022 1:48 AM IST
തിരുവനന്തപുരം: സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ നോമിനിയെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വിസിക്കു മൂന്നാം തവണയും കത്തയച്ചു.
കഴിഞ്ഞയാഴ്ചയാണ്, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ വിസിയോടു ഗവർണർ ആവശ്യപ്പെട്ടത്.
എന്നാൽ, ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം വച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്നു കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസാക്കിയ കാര്യം വിസി മറുപടിയായി നൽകി. ഇതിനു പിന്നാലെ അന്ത്യശാസനം എന്ന നിലയിൽ ഗവർണർ ഇതേ ആവശ്യത്തിൽ രണ്ടാമതും വിസിക്കു കത്തു നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വിസി തയാറായില്ല. ഇതേത്തുടർന്നാണ് ഗവർണർ മൂന്നാമതും വിസിക്കു കത്തയച്ചത്.