വിജ്ഞാനകേരളം ഉപദേശകനായി ഇന്നു ചുമതലയേൽക്കും: പി. സരിൻ
Friday, May 9, 2025 3:14 AM IST
പാലക്കാട്: വിജ്ഞാനകേരളം ഉപദേശകനായി ഇന്നു ചുമതലയേറ്റെടുക്കുമെന്നും വ്യക്തിപരമായ ആക്ഷേപങ്ങൾക്കു മറുപടി പറയാനില്ലെന്നും പി. സരിൻ. പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയകാലം പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സർവീസ് പശ്ചാത്തലമുള്ളതുകൊണ്ടാവാം തനിക്കു പുതിയ ചുമതല നൽകിയത്. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും തൊഴിൽമേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്ഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായി മാറിയ പി. സരിനെ കഴിഞ്ഞദിവസമാണ് വിജ്ഞാനകേരളം ഉപദേശകനായി നിയമിച്ചത്. 80,000 രൂപ മാസശന്പളത്തിലാണ് നിയമനം. കോണ്ഗ്രസ് പാർട്ടിയോടിടഞ്ഞ് സിപിഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാർട്ടി വേദികളിൽ സജീവമായിരുന്നു സരിൻ. ഇതിനുപിന്നാലെയാണ് പുതിയ പദവി.
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി. സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ സരിൻ 2008ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
അന്ന് 555-ാം റാങ്ക് നേടിയ സരിന് ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസിൽ നിയമനം ലഭിച്ചു. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിംഗ്. പിന്നീട് നാലുവർഷം കർണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.