നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ
Friday, May 9, 2025 3:14 AM IST
സാബു ജോണ്‍
തിരുവനന്തപുരം: അനിശ്ചിതത്വത്തിനു വിരാമമിട്ടുകൊണ്ട് ഹൈക്കമാൻഡ് പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചു. ഒപ്പം പരിചയസന്പത്തും യുവത്വവും ഒത്തുചേരുന്ന പുതിയ നേതൃനിരയെയും പ്രഖ്യാപിച്ചു. സാമുദായിക പ്രാതിനിധ്യം പാലിച്ചുകൊണ്ടു നടത്തിയിരിക്കുന്ന അഴിച്ചുപണി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ പൊതുവേ സ്വാഗതം ചെയ്യുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പു കാലം മുതൽ കെപിസിസി പ്രസിഡന്റിന്റെ മാറ്റം ചർച്ച ചെയ്യപ്പെടുന്നതാണ്. കെ. സുധാകരൻ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി കെപിസിസി പ്രസിഡന്റിന്റെ ചുമതല താത്കാലികമായി എം.എം. ഹസനു കൈമാറിയപ്പോൾ തന്നെ പുതിയ കെപിസിസി പ്രസിഡന്റിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം മടങ്ങിയെത്തിയ സുധാകരൻ വീണ്ടും പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു. അന്നു മുതൽ കേട്ടു തുടങ്ങിയ നിയമനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
പ്രതിഷേധങ്ങളും പൊട്ടിത്തെറികളുമില്ലാതെ പുന:സംഘടന നടത്തുന്നതിൽ ഹൈക്കമാൻഡ് ഏറെക്കുറെ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ കെ. സുധാകരൻ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി. തീർച്ചയായും മാന്യമായ പുനരധിവാസമാണിത്. സുധാകരന്റെ ഇഷ്ടക്കാരനായ സണ്ണി ജോസഫിനെ പുതിയ പ്രസിഡന്റായി നിയമിക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ നേരിയ പ്രതിഷേധം പോലും കെട്ടടങ്ങി.
കോണ്‍ഗ്രസ് നേതൃത്വത്തിൽ കൈസ്തവ വിഭാഗത്തിനു പ്രാതിനിധ്യമില്ല എന്ന പരാതിക്കു കൂടിയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലൂടെ ഹൈക്കമാൻഡ് പരിഹാരം കണ്ടിരിക്കുന്നത്. മൂന്നു ടേം ആയി പേരാവൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് മികച്ച പാർലമെന്റേറിയനാണ്.
ചാനലുകളിലും മറ്റും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പാർട്ടി നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം മിടുക്കു കാട്ടിയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃതലത്തിൽ പ്രവർത്തിച്ച പരിചയം അദ്ദേഹത്തിന് അവകാശപ്പെടാനില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സ്വന്തം നില ഉറപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിയണം.
അടൂർ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചതിലൂടെയും സാമുദായിക പ്രാതിനിധ്യമാണു ലക്ഷ്യമിടുന്നത്. ഒരു ഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും അടൂർ പ്രകാശ് പരിഗണിക്കപ്പെട്ടിരുന്നു.
കെപിസിസി നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്ന നേതാക്കളുടെ മികച്ച നിരയാണ് സണ്ണി ജോസഫിനു കരുത്തു പകരുന്നത്. ഒരു ടീം എന്ന നിലയിൽ കെപിസിസിയെ ഒരുമിച്ചുകൊണ്ടു പോകാൻ സാധിച്ചാൽ സണ്ണി ജോസഫിനു നേട്ടം കൊയ്യാൻ സാധിക്കും. എ.പി. അനിൽകുമാർ എന്ന പരിചയസന്പന്നനും പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ എന്നീ മികച്ച പ്രതിച്ഛായയും താരപരിവേഷവുമുള്ള യുവനേതാക്കളുമാണ് വർക്കിംഗ് പ്രസിഡന്റുമാരായി വരുന്നത്.
കോണ്‍ഗ്രസിൽ ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായും ഈ നിയമനത്തെ കാണാവുന്നതാണ്. വിഷ്ണുനാഥിനാകട്ടെ എഐസിസി സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച സംഘടനാ പ്രവർത്തന പാരന്പര്യവുമുണ്ട്. എഐസിസി സെക്രട്ടറിയായി പ്രവർത്തിച്ച് കർണാടകത്തിലും തെലുങ്കാനയിലും പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാനും വിഷ്ണുനാഥിനു കഴിഞ്ഞിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളാണ് സണ്ണി ജോസഫിനും ടീമിനും മുന്നിലുള്ള വലിയ വെല്ലുവിളി. ഏതാനും മാസങ്ങൾക്കകം തദ്ദേശതെരഞ്ഞെടുപ്പു വരും. അവിടെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കുകയുള്ളു.
പത്തു വർഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫിനെ അധികാരവഴിയിലേക്കു തിരിച്ചെത്തിക്കുക എന്ന വലിയ ദൗത്യത്തിനു നേതൃത്വം നൽകുക എന്ന വലിയ നിയോഗമാണ് സണ്ണി ജോസഫിനെയും ടീമിനെയും കാത്തിരിക്കുന്നത്.
ഇതിനായി താഴേത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. മികച്ച സംഘടനാ സംവിധാനമില്ലാതെ ഇനി കേരളത്തിൽ തെരഞ്ഞെടുപ്പു വിജയം എളുപ്പമല്ല. കാരണം യുഡിഎഫിന്റെ രാഷ്ട്രീയ എതിരാളികളായ മുന്നണികൾക്കു നേതൃത്വം നൽകുന്ന സിപിഎമ്മിനും ബിജെപിക്കും വളരെ മികച്ച സംഘടനാ സംവിധാനമുണ്ട്. വിഭവശേഷിയിലും അവർ കോണ്‍ഗ്രസിനേക്കാൾ മികച്ച നിലയിലാണ്.