പ്രാദേശിക സമുദ്ര സഹകരണം ശക്തിപ്പെടുത്തും: വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ്
Friday, May 9, 2025 3:14 AM IST
കൊച്ചി: പ്രാദേശിക സമുദ്ര സഹകരണം ശക്തിപ്പെടുത്തി കടലിലെ വെല്ലുവിളികളും ഭീഷണികളും ചെറുക്കാന്‍ ഐഒഎസ് സാഗറിന്റെ ദൗത്യം സഹായകമാകുമെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ വി.ശ്രീനിവാസ് പറഞ്ഞു.
ഒരു മാസം നീണ്ട വിന്യാസം വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ ഐഎന്‍എസ് സുനൈനയിലെ (ഐഒഎസ് സാഗര്‍) അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിന്യാസത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം സമുദ്ര സഹകരണത്തിൽ ഒരു പുതിയ അധ്യായം തുറക്കും. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകും. കൂട്ടായ സമുദ്രതാത്പര്യങ്ങള് സംരക്ഷിക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം നീണ്ട വിന്യാസം ഒമ്പത് അന്താരാഷ്ട്ര നാവികസേനകളുടെ സംയുക്ത സംഘത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ കന്നി സംരംഭമായ ഇന്ത്യന്‍ മഹാസമുദ്ര കപ്പല്‍ സാഗര്‍, സൗത്ത് ഐഒആര്‍ മേഖലയില്‍ ഒരു മാസം നീണ്ടുനിന്ന വിന്യാസം പൂര്‍ത്തിയാക്കി ഇന്നലെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
രണ്ട് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളുടെ അകമ്പടിയോടെ ഐഒഎസ് സാഗറിനെ ഇന്ത്യന്‍ നാവിക ബാന്‍ഡ് ആഘോഷങ്ങളോടെ സ്വീകരിച്ചു. കൊച്ചി നാവികതാവളത്തില്‍ നടന്ന സ്വീകരണചടങ്ങില്‍ വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് ഇന്ത്യയുടെയും ഒമ്പത് സൗഹൃദ വിദേശരാജ്യങ്ങളുടെയും ക്രൂവിനെ അഭിനന്ദിച്ചു.
വിന്യാസവേളയില്‍, കപ്പല്‍ ഡാര്‍എസ്സലാം, നകാല, പോര്‍ട്ട് ലൂയിസ്, പോര്‍ട്ട് വിക്ടോറിയ, മാലെ എന്നിവിടങ്ങളില്‍ തുറമുഖ സന്ദര്‍ശനങ്ങള്‍ നടത്തി. സംയുക്ത നാവിക അഭ്യാസങ്ങള്‍, പ്രഫഷണല്‍, സാംസ്കാരിക വിനിമയങ്ങള്‍, പ്രധാന ഐഒആര്‍ രാജ്യങ്ങളായ ടാന്‍സാനിയ, മൊസാംബിക്, മൗറീഷ്യസ്, സീഷെല്‍സ് എന്നിവയുടെ സംയുക്ത ഇ ഇസെഡ് നിരീക്ഷണം എന്നിവ ദൗത്യത്തിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി, ഏപ്രില്‍ 13 മുതല്‍ 18 വരെ ഇന്ത്യയും ടാന്‍സാനിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കേസരി എന്നിവയ്ക്കൊപ്പം ഐകെയ്മെ 2025ല്‍ കപ്പല്‍ പങ്കെടുത്തു. ലോസ് സാഗറിലെ ജീവനക്കാര്‍ക്ക് നാവികസേനയുമായി സംവദിക്കാനായി. മൊസാംബിക്കില്‍, മൊസാംബിക് നാവികസേനയുമായി സംവദിച്ചു.
ഐഒഎസ് സാഗറിലെ ജീവനക്കാര്‍ മൗറീഷ്യസ് പോലീസ് സേനയുമായി സംവദിക്കുകയും മൗറീഷ്യസ് കോസ്റ്റ് ഗാര്‍ഡുമായി ഏകോപിത പട്രോളിംഗ് നടത്തുകയും ചെയ്തു. സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയ സന്ദര്‍ശനം ക്രോസ് ഡെക്ക് സന്ദര്‍ശനങ്ങള്‍, പരിശീലന കൈമാറ്റം, സംയുക്ത യോഗ സെഷനുകള്‍, സീഷെല്‍സ് പ്രതിരോധ സേനയുമായുള്ള സമുദ്ര ഇടപെടല്‍ എന്നിവയും സംഘടിപ്പിച്ചു. കൊച്ചിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കപ്പല്‍ മാലിദ്വീപില്‍ സഹകരണ സമുദ്ര സുരക്ഷയും പ്രാദേശിക ഔട്ട്റീച്ച് ദൗത്യവും നടത്തി.
കൊമോറോസ്, കെനിയ, മഡഗാസ്കര്‍, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്, സീഷെല്‍സ്, സിലങ്ക, ടാന്‍സാനിയ എന്നീ ഒമ്പത് പങ്കാളി രാജ്യങ്ങളിലെ 44 അന്താരാഷ്ട്ര ക്രൂവിന് ഇത് ഒരു സവിശേഷ അനുഭവമായിരുന്നു. അവര്‍ ഇന്ത്യന്‍ നാവികസേനയോടൊപ്പം സംയുക്തമായി കപ്പലില്‍ സഞ്ചരിച്ചു.