സൈനിക ട്രെയിനുകളുടെ യാത്ര വെളിപ്പെടുത്തരുതെന്ന് നിർദേശം
Friday, May 9, 2025 3:14 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ സൈനിക ട്രെയിനുകളുടെ നീക്കങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം.
റെയിൽവേ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർമാർക്ക് മുന്നറിയിപ്പ് രൂപേണ അടിയന്തര നിർദേശം നൽകിയത്. ഈ നിർദേശം കേരളത്തിലടക്കമുള്ള എല്ലാ ഡിവിഷനുകളിലെയും ജീവനക്കാർക്ക് കൈമാറിക്കഴിഞ്ഞു.
ഇത്തരം ട്രെയിനുകളുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം (പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്- പിഐഒ ) ശ്രമിക്കുന്നതായുള്ള മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.
മിലിട്ടറി ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ അജ്ഞാതരായ ആരുമായും പങ്കിടരുത് എന്നാണ് നിർദേശം. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കുമെന്നും റെയിൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥർ, മിൽ റെയിൽവേ ജീവനക്കാർ (റെയിൽവേയുടെ സൈനിക വിഭാഗം) ഒഴികെയുള്ള ഏതെങ്കിലും അനധികൃത വ്യക്തികൾക്ക് ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാ ലംഘനമായി കണക്കാക്കും. മാത്രമല്ല രാജ്യദ്രോഹ കുറ്റമായായിട്ടായിരിക്കും ഇതിനെ പരിഗണിക്കുക.
പ്രതിരോധ സേനകൾക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്ന ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക വിഭാഗമാണ് മിൽ റെയിൽ.ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തിൽ സൈനിക പ്രത്യേക ട്രെയിനുകളുടെ നീക്കങ്ങൾ സംബന്ധിച്ച നിർണായക സ്വഭാവത്തെ കുറിച്ചും പ്രശ്നത്തിന്റെ ഗൗരവം സംബന്ധിച്ചും റെയിൽവേ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അടിയന്തര ബോധവത്കരണം നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
യുദ്ധസമാനമായ സാഹചര്യങ്ങൾ വരുമ്പോൾ ചരക്ക് - യാത്രാ ട്രെയിനുകളേക്കാൾ റെയിൽവേ പ്രഥമ പരിഗണന നൽകേണ്ടത് മിലിട്ടറി ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കാണ്.