ദേശീയ പണിമുടക്ക്: ഐക്യദാർഢ്യസദസ് 17ന്
Friday, May 9, 2025 3:14 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരേ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 20നു നടക്കുന്ന ദേശീയ പണിമുടക്കിനു മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ.
പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി 17ന് തിരുവനന്തപുരത്ത് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കും.
തൊഴിൽ സുരക്ഷയും സംഘടനാ സ്വാതന്ത്ര്യം അടക്കമുള്ള അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പിന് സജ്ജരാവേണ്ട സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെഎൻഇഎഫ് പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.