ധന്യൻ മാർ തോമസ് കുര്യാളശേരി ചരമ ശതാബ്ദി ആചരണം ചന്പക്കുളത്ത്
Saturday, May 10, 2025 2:04 AM IST
മങ്കൊമ്പ് : ചങ്ങനാശേരിയുടെ ആദ്യ നാട്ടുമെത്രാനും വിശുദ്ധകുർബാനയുടെ ആരാധനാ സന്യാസിനി സമൂഹ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരണം 11, 17, 18 തീയതികളിലായി ജന്മനാടായ ചമ്പക്കുളത്ത് നടക്കും.
എസ്എബിഎസ് സന്യാസിനി സമൂഹം, ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക, കുര്യാളശേരിൽ കുടുംബം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 11ന് വൈകുന്നേരം മൂന്നിന് ചമ്പക്കുളം മാർ തോമസ് കുര്യാളശേരി മെമ്മോറിയൽ തിയളോജിക്കൽ സെന്ററിൽ നടക്കുന്ന സിംപോസിയം ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും.
കുട്ടിക്കാനം മരിയൻ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ റൂബിൾ രാജ് മോഡറേറ്ററാകും. റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ, ഡോ.ജോസഫ് ജോർജ് റേയ്, റവ.സിസ്റ്റർ .ഡോ. തെരേസ നടുപ്പടവിൽ, ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ ജനറൽ കൗൺസിലർ സിസ്റ്റർ എൽസാ പൈകട, ഷൈൻ ജോസഫ് മായിപ്പറപ്പള്ളിൽ എന്നിവർ പങ്കെടുക്കും.
17ന് വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി മെത്രാപ്പോലിത്തൻപള്ളിയിൽ ധന്യന്റെ കബറിടത്തിങ്കൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് എടത്വ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ഛായാചിത്ര പ്രയാണം എടത്വ സെന്റ് ജോർജ് പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്യും. 18നു ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചരമ ശതാബ്ദി സമാപനസമ്മേളനം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
റവ.ഡോ.ജയിംസ് പാലയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് മുഖ്യ പ്രഭാഷണവും എസ്എബിഎസ് മദർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ പിതൃസ്മൃതിയും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി.സി.സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണവും നടത്തും. പ്രൊവിൻഷൽ സുപ്പിരിയൽ മദർ ലില്ലി റോസ് കരോട്ടുവേമ്പേനിക്കൽ, സിസ്റ്റർ മെറിൻ മൂന്നാറ്റിൻ മുഖം, ഫാ. ടോണി നമ്പിശേരിക്കളം തുടങ്ങിയവർ പ്രസംഗിക്കും.