കാർഷിക കടാശ്വാസ തുക ഈ വർഷം വിതരണം ചെയ്യും
Friday, May 9, 2025 3:13 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: മാർച്ച് മാസം സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ കഴിഞ്ഞ സാന്പത്തിക വർഷം വിതരണം മുടങ്ങിയ കാർഷിക കടാശ്വാസ തുക ഈ വർഷം വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവിറങ്ങി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കർഷകരുടെ വ്യക്തിഗത അപേക്ഷകളിൻമേൽ സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്തിട്ടുള്ള കടാശ്വാസ തുകയാണ് ഇത്തരത്തിൽ വിതരണം ചെയ്യുക. ഇടുക്കി, തൃശൂർ, വയനാട്,തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള അപേക്ഷകളിൽമേൽ നടപടി സ്വീകരിച്ചാണ് ഈ തുക അനുവദിച്ചത്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും എടുത്ത വായ്പകളിൽ കടാശ്വാസം ലഭിക്കുന്നതിനായി കർഷകർ കടാശ്വാസ കമ്മീഷന് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇവ പരിശോധിച്ച് 2024-25 സാന്പത്തിക വർഷം 1. 99 കോടി രൂപ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും കൈമാറുന്നതിന് സംസ്ഥാന സർക്കാർ കൃഷി ഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് ഇട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി ഡയറക്ടർ സഹകരണ സംഘം രജിസ്ട്രാർക്ക് ഈ തുക ക്രോസ്മാപ്പ് ചെയ്തു നല്കി. എന്നാൽ സാന്പത്തിക വർഷാവസാനത്തിലെ ട്രഷറി നിയന്ത്രണം മൂലം ബില്ലുകൾ സബ്മിറ്റ് ചെയ്യുന്നതിന് സാധിച്ചില്ല. ഇതോടെ കഴിഞ്ഞ സാന്പത്തിക വർഷം ഈ തുക സഹകരണ സംഘങ്ങൾക്കോ ബാങ്കുകൾക്കോ നല്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്ന് കഴിഞ്ഞ സാന്പത്തിക വർഷം അനുവദിച്ച 1. 99 കോടി രൂപ 2025-26 സാന്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും സഹകരണ സ്ഥാപനങ്ങൾക്ക് ബജറ്റ് അലോക്കേഷൻ ആൻഡ് മോണിറ്ററിംഗ് സിസ്റ്റം വഴി വിതരണം ചെയ്യുന്നതിന് കൃഷി ഡയറക്ടർക്ക് അനുമതി നല്കാൻ സർക്കാർ വീണ്ടും ഉത്തരവിറക്കി. തുക വിതരണം ചെയ്ത ശേഷം കൃഷി ഡയറക്ടർ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കൃഷിവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അനുവദിച്ച തുക ജില്ല തിരിച്ച്, ജില്ല, തുക എന്ന ക്രമത്തിൽ:
ഇടുക്കി- 29,73,641
തൃശൂർ 76,30,275
വയനാട്- 28,50,610
തിരുവനന്തപുരം-48,67,700
മലപ്പുറം-16,60,000
ആകെ -1,99,82,226