സിഎംഐ വിദ്യാഭ്യാസവര്ഷാചരണം 11 മുതൽ മാന്നാനത്ത്
Friday, May 9, 2025 3:14 AM IST
കോട്ടയം: സിഎംഐ സഭയുടെ 194-ാം സ്ഥാപനദിനത്തോടനുബന്ധിച്ച് 11 മുതല്‍ 2026 മേയ് 11 വരെ വിദ്യാഭ്യാസവര്‍ഷമായി ആചരിക്കും.1831 മേയ് 11നാണ്, പാലയ്ക്കല്‍ തോമാ മല്പ്പാന്, പോരൂക്കര തോമാ മല്പ്പാന്, വിശുദ്ധ ചാവറയച്ചൻ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസസമൂഹമായി സിഎംഐ സഭ ആരംഭിച്ചത്.
2031ല്‍ സ്ഥാപനത്തിന്റെ 200 വര്‍ഷം പൂര്‍ത്തിയാകുന്ന സിഎംഐ സന്യാസസമൂഹം, ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2021 മുതല്‍ ദശവത്സര ആഘോഷ പദ്ധതി ഒരുക്കിയിരിക്കുകയാണ്.
2026 മേയ് 11 വരെ സിഎംഐ സഭ ആചരിക്കുന്ന വിദ്യാഭ്യാസവര്‍ഷം 11നു രാവിലെ 10ന് മാന്നാനം ആശ്രമദേവാലയത്തില് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍, വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി, വിദ്യാഭ്യാസ ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് മള്ളാത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മാന്നാനം കെഇ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സിഎംഐ സഭാ വിദ്യാഭ്യാസവര്ഷത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, സിഐഎസ്സിഇ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ് സെക്രട്ടറി ജോസഫ് ഇമ്മാനുവല്‍, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജോസ് ചേന്നാട്ടുശേരി തുടങ്ങിയവര്‍ സംബന്ധിക്കും.
10നു വൈകുന്നേരം ചാവറയച്ചന്റെ ജന്മഗൃഹമായ ചാവറ ഭവനില്‍നിന്നു കത്തിച്ചുകൊണ്ടുവരുന്ന അക്ഷരജ്വാല 1846ല്‍ ചാവറയച്ചന് മാന്നാനത്ത് സ്ഥാപിച്ച സംസ്കൃത സ്കൂളില്‍ സ്ഥാപിക്കും.