നിരത്തുകളിൽ വാഹനങ്ങൾ നിറയുന്നു, രജിസ്ട്രേഷൻ 1.82 കോടി കടന്നു
Saturday, May 10, 2025 2:04 AM IST
തൃശൂർ: കഴിഞ്ഞ സാന്പത്തികവർഷം 7.83 ലക്ഷം പുതിയ വാഹനങ്ങൾകൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹനസാന്ദ്രതയിൽ കേരളം രാജ്യത്തു നാലാംസ്ഥാനത്തെത്തി.
ആയിരംപേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹനസാന്ദ്രതയിൽ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാംസ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹനസാന്ദ്രത.
ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് - 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്ട്രയുമുണ്ട്. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹനസാന്ദ്രതയിൽ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2023-24ൽ 33,061ഉം 2022-23ൽ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ൽ 24,640, 2023-24ൽ 24,932, 2022-23ൽ പുതുതായി 25,703, കോഴിക്കോട് ജില്ലയിൽ 2024-25ൽ 18,978, 2023-24ൽ 19,219, 2022-23ൽ 19,242 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു.
പൊതുഗതാഗതത്തിൽനിന്നു ജനങ്ങൾ അകന്ന് ഒറ്റയ്ക്കു യാത്രചെയ്യുന്ന പ്രവണത കൂടിയതാണു വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചുവർഷത്തിനുള്ളിൽ രണ്ടുകോടിയിലധികം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.