ടിഎച്ച്എസ്എൽസിയിൽ 99.48 ശതമാനം വിജയം
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: ടിഎച്ച്എസ്എൽസി പരീക്ഷയിൽ 99.48 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,055 വിദ്യാർഥികളിൽ 3,039 വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 429 വിദ്യാർഥികളാണ്. എസ്എസ്എൽസി (എച്ച്ഐ) വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 207 വിദ്യാർഥികളിൽ 206 പേരും ഉന്നത പഠന യോഗ്യത നേടി. വിജയശതമാനം 99.51. 31 വിദ്യാർഥികൾക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടവും ലഭിച്ചു.
ടിഎച്ച്എസ്എൽസി (എച്ച്ഐ) വിഭാഗത്തിൽ പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു. എഎച്ച്എസ്എൽസി വിഭാഗത്തിൽ 66 വിദ്യാർഥികൾ പരീക്ഷ എഴുതി സന്പൂർണ വിജയവും സ്വന്തമാക്കി.
നൂറു മേനി വിജയത്തിൽ എയ്ഡഡ് സ്കൂളുകൾ മുന്നിൽ
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇരുത്തിയ മുഴുവൻ വിദ്യാർഥികളേയും വിജയിപ്പിച്ച് നൂറുമേനി നേട്ടം സ്വന്തമാക്കിയതിൽ മുന്നിൽ എയ്ഡഡ് സ്കൂളുകൾ. സംസ്ഥാനത്ത് നൂറുമേനി വിജയം സ്വന്തമാക്കിയ ആകെ സ്കൂളുകൾ 2,331 എണ്ണമാണ്. ഇതിൽ 1034 സ്കൂളുകളും എയ്ഡഡ് മേഖലയിൽ നിന്നുള്ളവയാണ്.
സർക്കാർ മേഖലയിൽ നിന്നുള്ള 856 സ്കൂളുകളും അണ് എയ്ഡഡ് മേഖലയിൽ നിന്നുള്ള 441 സ്കൂളുകളും മുഴുവൻ വിദ്യാർഥികളേയും വിജയിപ്പിച്ചെടുത്ത നേട്ടത്ത് അർഹരായി. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ തിരൂർ ജിബിഎച്ച്എസ്എസാണ്. ഇവിടെ 728 വിദ്യാർഥികളാണ് പരീക്ഷയെഴുതുകയും വിജയിക്കുകയും ചെയ്തത്.
എയ്ഡഡ് സ്കൂളുകളുടെ വിഭാഗത്തിൽ 1455 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി എല്ലാവരേയും വിജയിപ്പിച്ച കോട്ടൂർ എകെഎൻ എച്ച്എസ്എസ് ഒന്നാമതെത്തിയപ്പോൾ അണ് എയ്ഡഡ് വിഭാഗത്തിൽ കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ എച്ച്എസ്എസ് 242 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി എല്ലാവരും വിജയം സ്വന്തമാക്കി.