മാർ അത്തനേഷ്യസ് യോഹാൻ പ്രഥമനെ അനുസ്മരിച്ചു
Friday, May 9, 2025 3:14 AM IST
തിരുവല്ല: രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമ്മള് ഓരോരുത്തരുടെയും അനുഗ്രഹവും ആശീര്‍വാദവുമാണ് വേണ്ടതെന്ന് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്റെ ഒന്നാം ചരമവാര്‍ഷികാചരണം സ്മൃതി 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ തെയോഫിലോസ് സാമുവേൽ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥി ആയിരുന്നു. മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് അനുസ്മരണ പ്രഭാഷണം നടത്തി.
മാര്‍ യോഹാന്‍ മെത്രാപ്പോലീത്തയുടെ ജീവിതവഴി വിവരിക്കുന്ന കോഫി ടേബിള്‍ ബുക്ക് ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
ഡാനിയല്‍ മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍, മാത്യു ടി. തോമസ് എംഎല്‍എ, ബിഷപ്പുമാരായ വി.എസ്. ഫ്രാന്‍സിസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, കെസിസി അലക്സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് മാര്‍ അത്തനേഷ്യസ് യോഹാന്‍ കാരുണ്യ സ്മൃതി മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.