കേരളം കണ്ട മാർപാപ്പ
Friday, May 9, 2025 3:55 AM IST
സിജോ പൈനാടത്ത്
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ലെയോ പതിനാലാമൻ നേരത്തെ കേരളത്തിൽ സന്ദർശനം നടത്തി.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ (ഒഎസ്എ) സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയത്. കൊച്ചി കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ 2004 ഏപ്രിൽ 22ന് അദ്ദേഹം എത്തിയിരുന്നു.
അന്ന് അഗസ്റ്റീനിയൻ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്.
അഗസ്റ്റിൻ സഭയുടെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും പുതിയ പാപ്പാ നേരത്തെ വിശുദ്ധകുർബാനയർപ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്കാസഭയും.