റോഡുപണിയുടെ ബില്ല് മാറാന് കൈക്കൂലി പാലക്കാട്ട് മൂന്നു പേർ പിടിയിൽ
Friday, May 9, 2025 3:14 AM IST
പാലക്കാട്: കളക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്നു പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി.
റോഡുപണിയുടെ ബില്ല് മാറുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട പാലക്കാട് പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ ഓഫീസിലെ ഡിവിഷണൽ അക്കൗണ്ടന്റ് സാലുദീൻ, ജൂണിയർ സൂപ്രണ്ട് രമണി, പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോൾ ലാബിലെ അസിസ്റ്റന്റ് എൻജിനിയർ ശശിധരൻ എന്നിവരെ ഇന്നലെ ഉച്ചയോടെ 2,000 രൂപ വീതം കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത്.
പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലിപ്പണം പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതോടെ പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരേ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ വാങ്ങുന്നതിനിടയാണ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന നടന്നു.
പാലക്കാട് എലവഞ്ചേരി സ്വദേശിയും പിഡബ്ല്യുഡി എ ക്ലാസ് കോണ്ട്രാക്ടറുടെ സൂപ്പർവൈസറുമായ പരാതിക്കാരൻ പണിപൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ പാസാക്കാത്തതിനാൽ ഏപ്രിൽ 30ന് പാലക്കാട് റോഡ്സ് ഡിവിഷൻ ഓഫീസിൽ എത്തി വിവരം തിരക്കിയിരുന്നു. ഈ സമയം സാലുദീൻ, രമണി എന്നിവർ ബില്ലുകൾ പാസാക്കി നൽകുന്നതിന് 2,000 രൂപ വീതം കൈക്കൂലി ഡിവിഷണൽ ഓഫീസിൽ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടു.
അന്നേദിവസംതന്നെ പരാതിക്കാരൻ പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോൾ ലാബിൽ പോയി റോഡ് വർക്കുകളുടെ ക്വാളിറ്റി കണ്ട്രോൾ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് അസിസ്റ്റന്റ് എൻജിനിയർ ശശിധരനെ കണ്ടപ്പോൾ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 7,000 രൂപ ആവശ്യപ്പെടുകയും പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 5,000 രൂപ വാങ്ങിയെടുത്ത ശേഷം 2,000 രൂപകൂടി കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവേ ഇന്നലെ ഉച്ചയ്ക്കു മൂന്നിന് അസിസ്റ്റന്റ് എൻജിനിയർ ശശിധരനെ പരാതിക്കാരനിൽനിന്നു 2,000 രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് വിക്ടോറിയ കോളജിനുസമീപം സ്വന്തം കാറിൽനിന്നു പിടികൂടി.
സാലുദീൻ, രമണി എന്നിവരെ 2,000 രൂപ വീതം കൈക്കൂലിവാങ്ങവെ പാലക്കാട് പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ ഓഫീസിൽവച്ചാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.