വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചു
Friday, May 9, 2025 3:14 AM IST
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭയിൽ താണിയേപ്പൻകുന്ന് സ്വദേശിനിയായ നാൽപത്തിരണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്.
നിലവിൽ അവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 25ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം മേയ് ഒന്നിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തുകയായിരുന്നു.
സംസ്ഥാനത്ത് നടത്തിയ ടെസ്റ്റിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഹൈറിസ്ക് വിഭാഗത്തിൽപെട്ട ഏഴു പേരുടെ 21 സാന്പിളുകൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവാണ്.
നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തരമായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വൈകുന്നേരം മലപ്പുറം കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ കൂടി യോഗത്തിൽ ഓണ്ലൈനായി പങ്കെടുത്തു.
രോഗി ചികിത്സയിലുള്ള ആശുപത്രിയിൽ തന്നെ തുടരുന്നതാണ് പ്രോട്ടോക്കോൾ എങ്കിലും ബന്ധുക്കൾ ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും.
രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കളക്ടർ പ്രത്യേക ഉത്തരവിറക്കും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഉണ്ടാവുക.
നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
രോഗിയുമായി സന്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊർജിതമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അധികം സന്പർക്കത്തിന് സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ഹൈ റിസ്ക്, ലോ റിസ്ക് വിഭാഗത്തിൽ പെട്ട സന്പർക്കത്തിലുള്ള എല്ലാവരും 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.