കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
Saturday, May 10, 2025 2:04 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയര്‍ന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. അഞ്ചംഗ അന്വേഷണസംഘം മെഡിക്കൽ കോളജിലെത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച സമിതിയാണ് അന്വേഷണം നടത്തുന്നത്.
ആദ്യ തീപിടിത്തത്തിനു ശേഷം കെട്ടിടത്തിലേക്കു വീണ്ടും രോഗികളെ പ്രവേശിപ്പിച്ചതില്‍ വീഴ്ചയുണ്ടായതായാണ് ഇന്നലെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, അട്ടിമറിസാധ്യത പൂര്‍ണമായും തള്ളുകയാണ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ആദ്യം പുക ഉയർന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെ വീണ്ടും കെട്ടിടത്തിലെ ആറാം നിലയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി. ഈ സമയം കെട്ടിടത്തിൽ രോഗികൾ ഉണ്ടായിരുന്നു.
പരിശോധനയ്ക്കിടെ രോഗികളെ കെട്ടിടത്തിൽ പ്രവേശിപ്പിച്ചതിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടും സൂപ്രണ്ടിനോടും ആരോഗ്യവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്തിലാണ് അന്വേഷണം. പുക ഉയർന്ന അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സംഘം പരിശോധന നടത്തി.
അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ, ജീവനക്കാർ,രോഗികള്‍ തുടങ്ങിയവരിൽനിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. അപകടസമയത്ത് രോഗികളെ കെട്ടിടത്തിൽനിന്ന് മാറ്റിയതിൽ പിഴവുണ്ടായോ എന്നും മറ്റ് ആശുപത്രികളിലേക്കുൾപ്പെടെ മാറ്റിയ രോഗികളുടെ ചികിത്സയും ആ സമയത്തുണ്ടായ മരണങ്ങളും അന്വേഷണപരിധിയിൽ ഉള്‍പ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.