സംസ്ഥാനത്തെ പ്രതിരോധ നടപടികൾ ഊർജിതമാക്കും
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: ഇന്ത്യാ- പാകിസ്ഥാൻ സംഘർഷം വർധിച്ചു വരുന്നതായ കേന്ദ്ര നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
തീരദേശം അതിർത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസർക്കാർ സംസ്ഥാനത്തെ അറിയിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു.
പഹൽഗാം ആക്രമണത്തിനും സിന്ദൂർ ഓപറേഷനും ഇടയിലുള്ള ദിനങ്ങളിൽ തീര സുരക്ഷ അടക്കം സേനാ വിഭാഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരുടെ സഞ്ചാരത്തിനിടെ പോലീസ് നിർദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പാലിക്കാൻ പലരും തയാറാകുന്നില്ല. രാജ്യത്തെ സാഹചര്യം അതീവ ഗുരുതരമാകുന്ന സാഹചര്യത്തിൽ മന്ത്രിമാർ പോലീസ് നിർദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ യാത്രകളും പരിപാടികളും അതീവ സുരക്ഷ പാലിച്ചു മാത്രമായിരിക്കും നടപ്പാക്കുക. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഭക്ഷ്യധാനങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണം.
പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തിൽ നിന്നും സൈനീക വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം വിളിച്ചു നിർദേശിക്കും.
ഇന്നലെ ഓണ്‍ലൈനായിട്ടായിരുന്നു അടിയന്തര മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലും മന്ത്രിമാർ വിവിധ ജില്ലകളിൽ നിന്നും ഓണ്‍ലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു.
സർക്കാരിന്റെ വാർഷികാഘോഷം ഒഴിവാക്കി
രാജ്യത്തു നിലനിൽക്കുന്ന ഇന്ത്യാ- പാക് സംഘർഷാന്തരീക്ഷം കൂടുതൽ സങ്കീർണതയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷ പരിപാടികൾ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇനിയുള്ള ആറു ജില്ലകളിലെ വാർഷികാഘോഷ പരിപാടികളാണ് ഒഴിവാക്കുക. എന്നാൽ, വിവിധ ജില്ലകളിൽ നടന്നു വരുന്ന എക്സിബിഷനുകൾ തുടരും. കലാപരിപാടികൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വന്ന പ്രഭാതയോഗങ്ങളും ഒഴിവാക്കി.