ഓഹരി വിപണിയിയിൽ കനത്ത ഇടിവ്; ഒഴുകിപ്പോയത് ഏഴു ലക്ഷം കോടി
Wednesday, January 22, 2025 12:20 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിയിൽ കനത്ത ഇടിവ്. വൻതോതിലുള്ള ചാഞ്ചാട്ടത്തിനിടയിൽ വിൽപ്പന ശക്തമായതിനാൽ നിഫ്റ്റിയും സെൻസെക്്സും കനത്ത നഷ്ടത്തിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യൻ ഓഹരി വിപണികൾ. സാന്പത്തിക മേഖലയിലെ ആഗോള, ആഭ്യന്തര മാറ്റങ്ങൾ നിക്ഷേപകരെ ജാഗരൂകരാക്കയതും ബ്രിക്സ് രാജ്യങ്ങൾക്ക് താരിഫ് ഉയർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിന്റെ (എഫ്ഐഐ) വിപണിയിൽനിന്നുള്ള പിന്മാറ്റവും എല്ലാം ഇന്ത്യൻ വിപണിയെ ബാധിച്ചു.
പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, ഓട്ടോ സ്റ്റോക്കുകൾ എന്നിവയുടെ കുത്തനെയുള്ള ഇടിവാണ് വിപണിയെ ബാധിച്ചത്. സ്മോൾ, മിഡ്ക്യാപ് സൂചികകളും വലിയ തിരിച്ചടി നേരിട്ടു. നിക്ഷേപ മൂല്യത്തിൽ ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
ബിഎസ്ഇ സെൻസെക്സ് 1235 പോയിന്റിന്റെ അതായത് 1.60 ശതമാനം നഷ്ടത്തോടെ 75,838 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 320 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 23000 എന്ന നിലയിലും താഴെ പോയ നിഫ്റ്റി 23,024ലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിക്ക് 1.37 ശതമാനം നഷ്ടമാണ് ഇന്നലെയുണ്ടായത്. 1148 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2656 ഓഹരികൾ താഴ്ന്നു. 112 ഓഹരികൾ മാറ്റമില്ലാതെ നിന്നു.
അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് ഏങ്ങനെയാണ് വിവിധ രാജ്യങ്ങൾക്ക് മേൽ താരിഫ് ഏർപ്പെടുത്താൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം ഓഹരി വിപണിയെ ബാധിച്ചു.
അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് കാനഡ, മെക്സിക്കോ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതികൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ നയങ്ങൾ ഇന്ത്യക്ക് പ്രതികൂലമാകുമോ എന്ന ചിന്തയിൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്.
നിക്ഷേപകർക്ക് ഒന്നടങ്കം 7,52,520.34 കോടിയുടെ നഷ്ടമാണ് ഇന്നലെ നേരിട്ടത്. അതായത് ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം വിപണി മൂല്യം 4,24,07,205.81 കോടി രൂപയായി താഴ്ന്നു.
വൻ നഷ്ടത്തിൽ റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്
റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് സെക്ടറുകളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. നാലു ശതമാനത്തിന്റെ ഇടിവ്. ബാങ്ക്, ഓട്ടോ, ഓഹരികളും നഷ്ടം നേരിട്ടു. സെൻസെക്സിൽ സൊമാറ്റോ, എൻടിപിസി, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, റിലയൻസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട കന്പനികൾ. അൾട്രാടെക്, എച്ച്സിഎൽ-ടെക് എന്നീ രണ്ട് ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരികൾ മാറ്റമില്ലാതെനിന്നു.
നിഫ്റ്റിയിലെ അന്പത് ഓഹരികളിൽ എട്ടെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ട്രെന്റ്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് കനത്ത നഷ്ടമാണ് നേരിട്ടത്.
അപ്പോളോ ഹോസ്പിറ്റൽ, ടാറ്റ കണ്സ്യൂമർ, ബിപിസിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ശ്രീറാം ഫിനാൻസ് എന്നിവ നേട്ടത്തിലാണ്. നിഫ്റ്റി മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്കുകളുടെ സൂചികകൾ രണ്ടു ശതമാനത്തോളമാണ് ഇടിഞ്ഞത്.
വിപണിയിലെ തകർച്ചയ്ക്കുണ്ടായ പ്രധാന കാരണങ്ങൾ
ട്രംപിന്റെ വ്യാപാര നയം
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സാന്പത്തിക നയങ്ങൾ ഇന്ത്യക്ക് പ്രതികൂലമാകുമോ എന്ന ചിന്തയിൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്. അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് അയൽ രാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന്്പ്രഖ്യാപിച്ചിരുന്നു. ഇത് ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിലാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങൾ ഇന്ത്യൻ ടെക് മേഖലയെയും സ്വാധീനിച്ചേക്കാം.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ (ഫോറിൻ പോർട്ടഫോളിയോ ഇൻവെസ്റ്റേഴ്സ്-എഫ്പിഐ) തുടർച്ചയായ പിന്മാറ്റത്തിനൊപ്പം യുഎസ് ഡോളർ ശക്തിപ്പെടുന്നതും ബോണ്ടുകളുടെ ആദായം ഉയർന്നതും വിപണിയുടെ സമീപ മാസങ്ങളിലെ ഇടിവിന് പിന്നിലെ പ്രധാന ഘടകമാണ്. ജനുവരി രണ്ടിനൊഴികെ, ജനുവരിയിൽ എല്ലാ ദിവസവും എഫ്പിഐകൾ ഇന്ത്യൻ ഓഹരികൾ വിറ്റു. തിങ്കളാഴ്ച വരെ ഏകദേശം 51,000 കോടി രൂപയുടെ ഓഹരിയാണ് വിറ്റത്.
മൂന്നാം പാദം മികച്ചതായില്ല
2024-25 സാന്പത്തിക വർഷം കന്പനികൾക്ക് പ്രതീക്ഷിച്ചതുപോലുള്ള വളർച്ചയുണ്ടാകുന്നില്ല. കന്പനികൾക്ക് ആദ്യ രണ്ടു പാദങ്ങളിലും നേട്ടമുണ്ടാക്കാനായില്ല. കന്പനികളുടെ മൂന്നാം പാദ വരുമാനവും സമ്മിശ്രമായിരുന്നു.
ഇന്ത്യൻ സാന്പത്തികാവസ്ഥ
ഇന്ത്യൻ സാന്പത്തിക വളർച്ച കുറയുമെന്ന റിപ്പോർട്ടുകൾ വ ന്നത് നിക്ഷേപകരിൽ ജാഗ്രതയ്ക്കിടായാക്കി.