തുടർച്ചയായ രണ്ടാം വാരവും ഓഹരിവിപണികൾക്ക് തളർച്ച
ഓഹരി അവലോകനം / സോണിയ ഭാനു
Monday, January 20, 2025 12:52 AM IST
ഓഹരി ഇൻഡക്സുകളെ ബാധിച്ച മാന്ദ്യം വിപണിയെ കൂടുതൽ തളർത്താം. മുൻവാരം വ്യക്തമാക്കിയതാണ് സൂചികകൾ ദുർബലാവസ്ഥയിലേയ്ക്കു നീങ്ങുമെന്നത്. തുടർച്ചയായ രണ്ടാം വാരവും ഇന്ത്യൻ മാർക്കറ്റ് തളർച്ചയിൽ അകപ്പെട്ടതിനിടയിൽ സെൻസെക്സ് 760 പോയിന്റും നിഫ്റ്റി 228 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. രൂപയെ ബാധിച്ച തളർച്ച തുടരുന്നതും ബജറ്റിന് കേന്ദ്രം ഒരുങ്ങുന്നതും കണക്കിലെടുത്താൽ പലിശ നിരക്കുകളിൽ അടിയന്തര പ്രഖ്യാപനങ്ങൾക്കുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥ അൽപ്പം ദുർബലമാകുമെന്ന വിലയിരുത്തലുകൾ ധനമന്ത്രാലയം ഗൗരവത്തോടെ വിലയിരുത്താം.
നിഫ്റ്റി സൂചികയ്ക്ക് പിന്നിട്ട വാരത്തിലെ 23,431 പോയിന്റിൽനിന്നും കൂടുതൽ മികവിന് അവസരം നൽകാതെ വിദേശ ഫണ്ടുകൾ വിൽപ്പന സമ്മർദവുമായി രംഗത്ത് നിറഞ്ഞുനിന്നത് ഒരുഘട്ടത്തിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 23,047ലേക്ക് ഇടിച്ചു. എന്നാൽ, വാരാന്ത്യം വിപണി അൽപ്പം കരുത്ത് തിരിച്ചുപിടിച്ച് ക്ലോസിംഗിൽ 23,203 പോയിന്റിലാണ്. ഈവാരം ആദ്യ പ്രതിരോധം 23,354 പോയിന്റിലാണ്. നിലവിലെ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ പ്രതിരോധ മേഖലയിലേക്ക് അടുത്താൽ കൂടുതൽ ശക്തമായ വിൽപ്പന സമ്മർദത്തിനിടയുണ്ട്. വിൽപ്പന സമ്മർദം ഉടലെടുത്താൽ സൂചിക 23,049ലേക്കും തുടർന്ന് 22,895ലേക്കും തളരാം. ഹ്രസ്വകാലയളവിലേക്കു വീക്ഷിച്ചാൽ നിഫ്റ്റിക്ക് ഫെബ്രുവരിയിൽ സപ്പോർട്ടായ 22,590-22,285 പോയിന്റിൽ ശക്തിപരീക്ഷണങ്ങൾ നടത്താനിടയുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡിയും ദുർബലാവസ്ഥയിലാണ്.
നിഫ്റ്റി ജനുവരി ഫ്യൂച്ചറിനെ ബാധിച്ച തളർച്ച തുടരുന്നു. 23,501ൽനിന്നും വാരാന്ത്യം 23,261ലേക്ക് ഇടിഞ്ഞു. വിപണി ദുർബലാവസ്ഥയിൽ നീങ്ങുന്നത് കണക്കിലെടുത്താൽ കൂടുതൽ താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം. ജനുവരി ഫ്യൂച്ചർ ഓപ്പൺ ഇന്ററസ്റ്റ് 159 ലക്ഷം കരാറുകളിൽനിന്ന് ഏതാണ്ട് 14 ശതമാനം ഉയർന്ന് 180 ലക്ഷം കരാറുകളായി. ഓപ്പറേറ്റർമാർ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായി വിലയിരുത്താം. നിഫ്റ്റി ഫ്യൂച്ചർ ചാർട്ടും ബെയറിഷ് മൂഡിൽ നീങ്ങുന്നതിനാൽ 22,900-22,500 റേഞ്ചിലേക്കു നീങ്ങാം. മുന്നേറാൻ ശ്രമിച്ചാൽ 23,500ൽ പ്രതിരോധം.
സെൻസെക്സ് 77,378 പോയിന്റിൽനിന്നും 77,893 വരെ ഉയർന്നതിനിടയിൽ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്ടിച്ച വിൽപ്പന സമ്മർദത്തിൽ സൂചിക 76,267ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 76,619 പോയിന്റിലാണ്. സെൻസെക്സ് മുന്നേറാൻ നീക്കം നടത്തിയാൽ 77,585-78,552 പ്രതിരോധം തല ഉയർത്താം. നിലവിലെ വിൽപ്പന സമ്മർദം തുടർന്നാൽ 75,959-75,300 പോയിന്റിൽ വിപണിക്ക് താങ്ങ് പ്രതീക്ഷിക്കാം. ലോംഗ് ടേം ചാർട്ടിൽ ട്രെൻഡ് ലൈൻ സപ്പോർട്ടുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ അടുത്ത മാസം 73,674-72,048ലേക്ക് പരീക്ഷണങ്ങൾക്ക് ഇടയുള്ളതിനാൽ കരുതലോടെ മാത്രം പുതിയ നിക്ഷേപകർ രംഗത്തിറങ്ങുന്നതാവും അഭികാമ്യം.
വിദേശ ഫണ്ടുകൾ ഡിസംബറിലെന്ന പോലെ ജനുവരി ആദ്യ പകുതിയിലും മുൻനിര രണ്ടാംനിര ഓഹരികളിൽ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. പിന്നിട്ടവാരം അവർ മൊത്തം 25,218.60 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപകരായി രംഗത്ത് തുടരുന്നു, കഴിഞ്ഞവാരം അവർ 25,151.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജനുവരിയിൽ വിദേശ ഓപറേറ്റർമാർ ഇതിനകം 46,576.06 കോടി രൂപയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ പുതുവർഷം പിറന്ന് ചുരുങ്ങിയ ദിവസങ്ങളിൽ 49,367.14 കോടി രൂപ നിക്ഷേപിച്ചു.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ രൂപ ആടിയുലഞ്ഞു. 85.98ൽനിന്നും റിക്കാർഡ് തകർച്ചയായ 86.82ലേക്ക് ഇടിഞ്ഞു, ക്ലോസിംഗിൽ രൂപ 86.60ലാണ്.
ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം. എണ്ണവില ബാരലിന് 79 ഡോളറിൽനിന്നും 82.50ലേക്ക് ഉയർന്ന അവസരത്തിൽ ഗാസയിൽനിന്നുള്ള വെടിയോച്ച നിലച്ചത് ചൂടുപിടിച്ചുനിന്ന എണ്ണ വില തണുക്കാൻ അവസരമൊരുക്കി, ഇതോടെ ബാരലിന് 80.77ലേക്ക് ക്രൂഡ് ഓയിൽ വില താഴ്ന്നു. സൂയസ് കനാലിനെ ഒഴിവാക്കി ചെങ്കടലിനെ വീണ്ടും കൂടുതലായി ആശ്രയിക്കാൻ ഏഷ്യൻ രാജ്യങ്ങൾ തയാറാകും. ചരക്ക് കൂലി ഇനത്തിലെ കുറവും സമയ ലാഭവും എണ്ണ ഇറക്കുമതി കൂടുതൽ സുഗമമാക്കും.
ആഗോള സ്വർണവില ഉയർന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2690 ഡോളറിൽനിന്നും 2722 ഡോളർ വരെ കയറിയ ശേഷം 2702 ഡോളറാണ്. സാങ്കേതികമായി ബുള്ളിഷ് ട്രെൻഡ് കണക്കിലെടുത്താൽ 2800 ഡോളറിലേക്ക് അതിവേഗം സ്വർണം സഞ്ചരിക്കാം.