സ്വർണത്തിന്റെയും രത്നങ്ങളുടെയും ചരക്കുനീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി
Monday, January 20, 2025 11:58 PM IST
തിരുവനന്തപുരം: സ്വർണത്തിന്റെയും മറ്റു വിലയേറിയ രത്നങ്ങളുടെയും 10 ലക്ഷമോ അതിനു മുകളിലോ മൂല്യമുള്ള കേരളത്തിനകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. ഇന്നലെ മുതലാണ് ഇതു പ്രാബല്യത്തിലായത്.
ജനുവരി ഒന്നു മുതൽ ഇ-വേ ബിൽ നിർബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസങ്ങൾ കാരണം താത്കാലികമായി മാറ്റിവച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ബിൽ പ്രാബല്യത്തിലാക്കിയത്.
സംസ്ഥാനത്തിനകത്തുള്ള ചരക്കു നീക്കം സപ്ലൈയ്ക്കായാലും എക്സിബിഷൻ, ജോബ് വർക്ക്, ഹാൾമാർക്കിംഗ് തുടങ്ങിയ സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്നു വാങ്ങുന്നതായാലും രജിസ്ട്രേഷനുള്ള വ്യക്തിയോ സ്ഥാപനമോ ആണു ചരക്കുനീക്കം നടത്തുന്നതെങ്കിൽ ചരക്കു നീക്കം നടത്തുന്നതിനു മുന്പ് ഇ-വേ ബില്ലിന്റെ പാർട്ട് എ ജനറേറ്റ് ചെയ്തിരിക്കേക്കണം.
ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.