പാമോയിൽ ഇറക്കുമതിയിൽ ഇടിവ് ; വെളിച്ചെണ്ണ, കൊപ്ര വിലയിൽ കുതിപ്പ്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, January 20, 2025 12:52 AM IST
വെളിച്ചെണ്ണയും കൊപ്രയും പുതിയ തലങ്ങളിലേയ്ക്ക്, പാമോയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. മില്ലുകാർ കൊപ്രയ്ക്കായി പരക്കം പാഞ്ഞു. മഴ മേഘങ്ങൾ കേരള തീരം തേടി, ഉയർന്ന പകൽ താപനിലയിൽനിന്നുള്ള ആശ്വാസദിനങ്ങൾ ഏലം മേഖലയ്ക്ക് കുളിര് പകരാം. രാജ്യാന്തര വിപണിയിൽ മലേഷ്യൻ കുരുമുളക് വില ടണ്ണിന് 9000 ഡോളർ, ആഗോളതലത്തിൽ ചരക്കു ക്ഷാമം. ഒസാക്കയിൽ റബർ മികവ് നിലനിർത്തി, യെന്നിന് കരുത്തു പകരാൻ ബാങ്ക് ഓഫ് ജപ്പാൻ പലിശ ഭേദഗതികൾക്ക് ഒരുങ്ങുന്നു. പവൻ റിക്കാർഡ് പുതുക്കാൻ ശ്രമം നടത്താം.
വിദേശ പാമോയിൽ ഇറക്കുമതിയിലെ ഇടിവ് അവസരമാക്കി നാളികേരോത്പന്നങ്ങൾ ശക്തമായ റാലിക്കൊരുങ്ങി. മൂന്നു പതിറ്റാണ്ടായി നാളികേര കർഷകർക്കും വെളിച്ചെണ്ണ വിപണിക്കും ഭീഷണിയായി നിലകൊണ്ട ഇറക്കുമതി പാമോയിൽ വരവ് പൊടുന്നനെ കുറഞ്ഞത് എണ്ണക്കുരു കർഷകർക്ക് മികച്ച വിലയ്ക്ക് അവസരമൊരുക്കി. ഇന്തോനേഷ്യ, മലേഷ്യൻ പാമോയിൽ പ്രവാഹം ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായത്തിനു പോലും വൻ വെല്ലുവിളി ഉയർത്തിയിരുന്നു. പാം ഓയിലിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് ചെറുകിട കൊപ്രയാട്ട് മില്ലുകൾ ഇതിനിടയിൽ പിടിച്ചു നിൽക്കാനാവാതെ അടച്ചുപൂട്ടി.
നവംബർ-ഡിസംബർ മാസങ്ങളിൽ വിദേശ പാമോയിൽ ഇറക്കുമതി ഏകദേശം 24 ശതമാനം കുറഞ്ഞു. ഉയർന്ന ഇറക്കുമതി ഡ്യൂട്ടിയാണ് വ്യവസായികളെ പിന്നാക്കം വലിച്ചത്. അതേസമയം, വില കുറഞ്ഞ സുര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഉയർന്നു. പാമോയിൽ വരവ് ചുരുങ്ങിയതോടെ നവംബറിനു ശേഷം വെളിച്ചെണ്ണ ക്വിന്റലിന് 2900 രൂപ ഉയർന്ന് 22,700 രൂപയായി.
കൊപ്ര രണ്ടു മാസം കൊണ്ട് 13,000 രൂപയിൽനിന്നും 15,300 രൂപയായി. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് മുന്നേറുകയാണെങ്കിലും പലഭാഗങ്ങളിലും ഉത്പാദനം കുറഞ്ഞതായാണ് വിലയിരുത്തൽ. ഇത് മൂലം മാസത്തിന്റെ ആദ്യ പകുതിയിൽ വ്യവസായ മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് പച്ചത്തേങ്ങ വിൽപ്പനയ്ക്ക് ഇറങ്ങിയില്ല.
വില്ലനായി കാലാവസ്ഥ
മഴ മേഘങ്ങൾ കേരളതീരം അണഞ്ഞു. ഏതാനും ദിവസങ്ങളായി ശ്രീലങ്കയിൽനിന്നു നീങ്ങിത്തുടങ്ങിയെങ്കിലും കാറ്റിന്റെ വേഗത കുറഞ്ഞത് മഴയുടെ വരവ് വൈകിപ്പിച്ചു. കനത്ത പകൽച്ചൂടിന്റെ പിടിയിൽ നട്ടം തിരിയുന്ന ഏലം ഉത്പാദന മേഖലയ്ക്ക് മഴയുടെ വരവ് വൻ ആശ്വാസം പകരാം.
മാസാരംഭം മുതൽ കനത്ത പകൽച്ചൂട് മൂലം ഈ വർഷത്തെ രണ്ടാം റൗണ്ട് വിളവെടുപ്പിനുള്ള സാധ്യതകൾക്ക് മങ്ങലേറ്റ സന്ദർഭത്തിലാണ് സ്ഥിതിഗതികളിൽ ചെറിയ മാറ്റം കണ്ടു തുടങ്ങിയത്. പല തോട്ടങ്ങളും വരണ്ട് ഉണങ്ങിയ അവസ്ഥയിലാണ്. ഉയർന്ന പകൽച്ചൂട് മൂലം വിളവെടുപ്പ് അടുത്ത മാസത്തേയ്ക്കു നീളില്ലെന്ന സൂചനയാണ് ഉത്പാദകരിൽ നേരത്തേ ഉണ്ടായത്. കാര്യമായ മഴ ലഭ്യമായാൽ ഉത്പാദന മേഖല വീണ്ടും സജീവമാകും. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഈസ്റ്റർ വരെയുള്ള ചരക്ക് സംഭരണത്തിരക്കിലാണ്. വാങ്ങലുകാർ മത്സരിച്ചതോടെ ശരാശരി ഇനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ കിലോ 3100 രൂപയ്ക്ക് മുകളിൽ ഇടം പിടിച്ചു, വാരാന്ത്യം മികച്ചയിനങ്ങൾ 4000 രൂപയ്ക്ക് മുകളിലാണ്.
ഡിമാൻഡ് ഉയർത്തി കുരുമുളക്
ആഗോള വിപണിയിൽ മലേഷ്യ കുരുമുളക് വില ടണ്ണിന് 9000 ഡോളറായി ഉയർത്തി. ഉത്പന്ന ക്ഷാമം ഇന്തോനേഷ്യൻ കയറ്റുമതിക്കാരെയും വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. വിയറ്റ്നാം കുരുമുളക് വില ഒന്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചതാണ് മറ്റ് രാജ്യങ്ങളെയും വില ഉയർത്താൻ പ്രേരിപ്പിച്ചത്. വിയറ്റ്നാമിൽനിന്നും ചരക്ക് കണ്ടെത്തുക ക്ലേശകരമെന്ന് മനസിലാക്കി ഒരു വിഭാഗം ചൈനീസ് ഇറക്കുമതിക്കാർ ഇന്തോനേഷ്യയിലേയ്ക്കു ചുവടുമാറ്റി.
ചൈന ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാസാവസാനം തുടക്കം കുറിക്കും. ഫെബ്രുവരി മധ്യം വരെ ചൈന ഉത്സവാഘോഷങ്ങളിൽ അമരും. ഈ അവസരത്തിൽ അവിടെ കുരുമുളകിനു ഡിമാൻഡ് ഉയരുകയാണ് പതിവ്, ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് കുരുമുളകിനെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. ഇന്തോനേഷ്യ കുരുമുളക് ടണ്ണിന് 7200 ഡോളർ, ബ്രസീൽ 7000 ഡോളറും ഇന്ത്യൻ നിരക്ക് 7800 ഡോളറുമാണ്. കൊച്ചിയിൽ കുരുമുളക് അൺ ഗാർബിൾഡ് 63,900 രൂപ.
മുഖംതിരിച്ച് ടയർ കന്പനികൾ
രാജ്യാന്തര റബർ വിപണി ബുള്ളിഷ് ട്രെൻഡിലാണ്. ഒസാക്കയിൽ ഏപ്രിൽ അവധി കിലോ 369 യെന്നിൽനിന്നും 386 വരെ ഉയർന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 397 യെന്നിലെ പ്രതിരോധം തകർക്കാനായാൽ റബർ 414 യെൻ വരെ ഫെബ്രുവരിയിൽ മുന്നേറാം. വിനിമയ വിപണിയിൽ യെൻ കരുത്ത് തിരിച്ചുപിടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്.
കേന്ദ്ര ബാങ്ക് നീക്കം ഏത് വിധം ബാധിക്കുമെന്ന കാര്യത്തിലെ അവ്യക്തതയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ റബറിൽ ബാധ്യതകൾ കുറയ്ക്കാൻ നീക്കം നടത്തി. ഒസാക്കയിലെ ചലനങ്ങൾ കണ്ട് മുഖ്യ കയറ്റുമതി രാജ്യമായ തായ്ലൻഡിൽ വാരാന്ത്യം റബർ വില താഴ്ന്നു.
കേരളത്തിൽ ഉയർന്ന താപനില തുടരുന്നതിനാൽ ടാപ്പിംഗ് മാസാന്ത്യത്തോടെ നിർത്തേണ്ടി വരുമെന്ന സൂചനയാണ് പല ഭാഗങ്ങളിൽനിന്നും ലഭ്യമാവുന്നത്. അതേസമയം, വടക്കൻ കേരളത്തിൽ മഴ മേഘങ്ങൾ ഞായറാഴ്ച്ച ഇടം പിടിച്ചത് അന്തരീക്ഷ താപനില കുറയാൻ അവസരമൊരുക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭ്യമായി, തെക്കൻ കേരളത്തിലും ഞായറാഴ്ച്ച മഴ ലഭ്യമായത് വരും ദിനങ്ങളിൽ റബർ മേഖലയ്ക്ക് അനുകൂല സാഹചര്യമൊരുക്കിയാൽ മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത ഉയരാം. ടയർ കന്പനികൾ നിരക്കുയർത്താൻ ഇനിയും തയാറായിട്ടില്ല. 19,200 രൂപയിൽ വിപണനം നടന്ന നാലാം ഗ്രേഡിനെ വ്യവസായികൾ വാരാന്ത്യം 19,000 ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് 18,700 രൂപയിലാണ്.
ജാതിക്കയ്ക്ക് ആവശ്യക്കാർ
ഉത്തരേന്ത്യൻ കറിമസാല-ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്കയിൽ താത്പര്യം കാണിച്ചു. ഉത്പാദന മേഖലയിൽനിന്നുള്ള ജാതിക്ക, ജാതിപത്രി വരവ് ശക്തമല്ല. ഔഷധ വ്യവസായികൾ മികച്ചയിനം ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. ഹൈറേഞ്ചിൽ ജാതിക്ക കിലോ 350-370 രൂപയിലും മധ്യകേരളത്തിൽ ജാതിക്ക 280-320 രൂപയിലുമാണ്. മികച്ചയിനങ്ങൾക്ക് ഗൾഫ് ഓർഡറുകളുണ്ട്.
റിക്കാർഡിനടുത്തെത്തി സ്വർണം
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് തകർക്കാനുള്ള ആദ്യ ശ്രമം വിജയിച്ചില്ല. പവൻ 58,520 രൂപയിൽനിന്നും വെള്ളിയാഴ്ച്ച 59,600 രൂപ വരെ ഉയർന്നു. ഒക്ടോബറിൽ രേഖപ്പെടുത്തിയ 59,640 രൂപയാണ് റിക്കാർഡ്. ഗ്രാമിന് അഞ്ചു രൂപ വ്യത്യാസം നിലനിൽക്കെ ശനിയാഴ്ച പവൻ 59,480ലേക്ക് താഴ്ന്നു.
രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര വിലക്കയറ്റത്തിനു വേഗം പകർന്നത്, രൂപയുടെ മൂല്യം 86.60ലേക്കിടിഞ്ഞു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2655 ഡോളറിൽനിന്നു 2722 വരെ കയറിയെങ്കിലും വാരാന്ത്യം 2702 ഡോളറായി, അതേസമയം, നിർണായകമായ 2700ന് മുകളിൽ ഇടം പിടിച്ചത് മുന്നേറ്റ സാധ്യതകൾക്ക് ശക്തിപകരാം.