ഇവരൊഴുക്കിയ കണ്ണീരിന് ആരു സമാധാനം പറയും...
Saturday, January 25, 2025 11:50 PM IST
അനിൽ തോമസ്
കൊച്ചി: 38-ാമതു ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായ വനിതാ ബീച്ച് ഹാൻഡ്ബോളിൽ നേരെചൊവ്വേയല്ല കാര്യങ്ങൾ നടക്കുന്നത്. ഇന്നലെ പുലർച്ചെ നെടുന്പാശേരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന ടീമിന് ഒരു ദിവസം കൂടി വൈകേണ്ടിവന്നതു കേരള ഹാൻഡ്ബോൾ അസോസിയേഷനും ഹാൻഡ്ബോൾ ഫെഡറേഷനും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ.
കണ്ണീരും പരാതികളുമായി സർക്കാരിന്റെ മുന്നിൽവരെ കാര്യങ്ങളെത്തിയതോടെയാണ് ഇന്നെങ്കിലും ടീമിനു പുറപ്പെടാൻ കഴിഞ്ഞത്.
10 താരങ്ങളും മൂന്ന് ഓഫീഷൽസും അടങ്ങുന്ന ടീമായിരുന്നു ഇന്നലെ രാവിലെ കൊച്ചിയിൽനിന്നു വിമാനം കയറേണ്ടിയിരുന്നത്. ഇതിനിടെ യാത്രയിൽ തടസമുണ്ടെന്നു പറഞ്ഞ് സ്പോർട്സ് കൗണ്സിൽ ടീം മാനേജറെ സമീപിച്ചു.
ഒരു ദിവസമെങ്കിലും നേരത്തെ എത്തിയാൽ മാത്രമേ ഡെറാഡൂണിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും അവസാനവട്ട പരിശീലനവും മറ്റും നടത്താനും കഴിയുകയുള്ളൂ എന്നു ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്ര മുടങ്ങുമെന്നുവരെ കാര്യങ്ങൾ എത്തിയതോടെ ടീം മാനേജമെന്റ് സംസ്ഥാന കായികമന്ത്രിയെ സമീപിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്നെങ്കിലും ടീമിനു പുറപ്പെടാൻ സാഹചര്യമൊരുങ്ങിയത്.
രാവിലെ 7.30നു നെടുന്പാശേരിയിൽനിന്നു ബംഗളൂരുവഴിയുള്ള വിമാനത്തിലാണു ടീം പുറപ്പെടുക. വൈകുന്നേരം അഞ്ചോടെ ഡെറാഡൂണിൽ എത്തും. 27നാണ് ബീച്ച്ഹാൻഡ്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. 26നു ടെക്നിക്കൽ മീറ്റിംഗ് നടക്കുന്നതിനാൽ അന്നു പരിശീലനത്തിന് അവസരമുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ ഡെറാഡൂണിലെ കാലാവസ്ഥയിൽ പരിശീലനമില്ലാതെയാകും ടീം മത്സരിക്കാനിറങ്ങുക.
യാത്രയുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങൾ കായികതാരങ്ങളെ മാനസികമായി തളർത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഹെഡ് കോച്ചും കേരള ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ എസ്.എസ്. സുധീർ പറഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസിലും ദിവസങ്ങൾക്ക് മുൻപ് നടന്ന നാഷണൽ ബീച്ച് ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയ താരങ്ങൾ തന്നെയാണ് ഇത്തവണയും ടീമിലുള്ളത്.
സുധീറിന് പുറമേ സഹപരിശീലകനായി ബർണാഡ് തോമസും മാനേജർ റുബീന ഹുസൈനും ഒപ്പമുണ്ട്. തിരുവനന്തപുരം ശംഖുമുഖം ബീച്ചിലായിരുന്നു ടീം ക്യാന്പ്. 10 ദിവസം നിശ്ചയിച്ച ക്യാന്പിൽ പലവിധ കാരണങ്ങളാൽ നാലു ദിവസം മാത്രമേ ശരിയായുള്ള പരിശീലനം നടന്നുള്ളൂ. ഇതെല്ലാം താരങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും ഒരുവശത്തുണ്ട്.
കളത്തിൽ കേരളം
കൊച്ചി: 38-ാമത് നാഷണൽ ഗെയിംസിന്റെ തിരിതെളിയാൻ മൂന്നു ദിവസംകൂടി കാത്തിരിക്കണമെങ്കിലും മത്സര ഇനങ്ങൾ ഇന്നാരംഭിക്കും. ട്രയാത്ലണ് മത്സരമാണ് ആദ്യം നടക്കുക.
ഹൽദ്വാനി സ്റ്റേഡിയത്തിൽ രാവിലെ 11നാണു മത്സരം ആരംഭിക്കുന്നത്. ഡ്യുഅത്ലോണ് വിഭാഗത്തിൽ എസ്. ഹരിപ്രിയ, എം. സാന്ദ്രജ എന്നിവരും മുഹമ്മദ് റോഷൻ, ശ്രീദത്ത് സുധീർ എന്നിവരും കേരളത്തിനായി മത്സരത്തിനിറങ്ങും. നാളെ കേരള ടീം പങ്കെടുക്കുന്ന ബീച്ച് ഹാൻഡ്ബോൾ മത്സരം രുദ്രാപുർ മനോജ് സർക്കാർ സ്പോർട്സ് കോംപ്ലക്സിൽ നടക്കും.
വിമാനം ചതിച്ചു; തണുത്തുവിറച്ച് ഖോ-ഖോ ടീം
കൊച്ചി: ഡെറാഡൂണിൽ വിമാനം ഇറങ്ങാൻ അരമണിക്കൂർ വൈകിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഖോ-ഖോ ടീമിനു ദുരിതയാത്ര.
ഉച്ചയ്ക്കു രണ്ടിന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം അരമണിക്കൂർ വൈകിയാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ചെക്കൗട്ട് ചെയ്ത് പുറത്തിറങ്ങി ടാക്സി പിടിച്ച് ഡെറാഡൂണ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വൈകിപ്പോയി.
പിന്നീട് എട്ടു മണിക്കൂറോളം കടുത്ത തണുപ്പിൽ റെയിൽവേ സ്റ്റേഷനിൽ തങ്ങിയ ശേഷമാണ് മറ്റൊരു ട്രെയിനിൽ മത്സരവേദിയായ ഹൽദ്വാനിയിലേക്ക് പോയത്.
കേരളത്തിന് ഉറച്ച മെഡൽപ്രതീക്ഷയുള്ള ഇനമാണ് ഖോ-ഖോ. കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ വെങ്കലവും അതിന് മുൻപ് നടന്ന ഗുജറാത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു.
ഇത്തവണ ഫൈനലിൽ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം എന്നു മാനേജർ കെ.ടി. സജീത്ത് പറഞ്ഞു. ഹെഡ്കോച്ച് ആർ. ഷോബി, സഹപരിശീലകൻ മുഹമ്മദ് ആഷിഖ് എന്നിവരും ടീമിനൊപ്പമുണ്ട്. 28നാണ് കേരളത്തിന്റെ മത്സരം.