ഇരുളും വെളിച്ചവും...
Thursday, December 5, 2024 2:00 AM IST
ഇന്ത്യ x ഓസ്ട്രേലിയ ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം നാളെ അഡ്ലെയ്ഡ് ഓവലിൽ നടക്കും. ഇരു ടീമും തമ്മിലുള്ള അഞ്ചു മത്സര പരന്പരയിലെ രണ്ടാം മത്സരമാണിത്.
ഇന്ത്യൻ സമയം അനുസരിച്ച് പൂർണമായി പകലാണ് മത്സരമെങ്കിലും ഓസ്ട്രേലിയയിൽ പകലും രാത്രിയുമായാണ് മത്സരം. മത്സരത്തിൽ റെഡ് ബോളിനു പകരം പിങ്ക് നിറമുള്ള പന്താണ് ഉപയോഗിക്കുന്നതെന്നതിനാൽ ഡേ-നൈറ്റ് ടെസ്റ്റുകൾ പിങ്ക് ബോൾ ടെസ്റ്റ് എന്നാണറിയപ്പെടുന്നത്.
ഓസ്ട്രേലിയയിൽ ഇതുവരെ 12 പിങ്ക് ബോൾ ടെസ്റ്റുകൾ അരങ്ങേറി. അതിൽ ഒരെണ്ണത്തിൽ മാത്രമാണ് ആതിഥേയർ പരാജയപ്പെട്ടത്. ഈ വർഷം ആദ്യം വെസ്റ്റ് ഇൻഡീസിന് എതിരേയായിരുന്നു ഏക തോൽവി. എന്നാൽ, അഡ്ലെയ്ഡിൽ ഇതുവരെ നടന്ന ഏഴ് പിങ്ക് ബോൾ ടെസ്റ്റിലും ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ, പെർത്തിൽവച്ച് ഇന്ത്യയിൽനിന്നേറ്റ 295 റണ്‍സിന്റെ തോൽവിക്ക് ഓസീസ് പ്രതികാരം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടശേഷം ഓസ്ട്രേലിയ ഇതുവരെ ഒരു ടെസ്റ്റ് പരന്പര സ്വന്തമാക്കിയിട്ടില്ല. ഓസ്ട്രേലിയയിലെ പിങ്ക് ബോൾ ടെസ്റ്റിൽ, ഇരുട്ടിലും വെളിച്ചത്തുമായി എന്താണ് ഇതുവരെ നടന്നത്... എന്താണ് നടക്കാൻ സാധ്യത...?
ടോസ് ജയിച്ച് ബാറ്റിംഗ്
ഓസ്ട്രേലിയയിലെ ഡേ-നൈറ്റ് ടെസ്റ്റുകളുടെ വിജയമന്ത്രത്തിൽ ഏറ്റവും ശ്രദ്ധേയം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്കോർ നേടുക എന്നതാണ്. ടോസ് ഭാഗ്യം തുണച്ച പിങ്ക് ബോൾ ടെസ്റ്റുകളിലെല്ലാം ഓസീസ് ടീം ആദ്യം ബാറ്റ് ചെയ്തു. മാത്രമല്ല, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തപ്പോഴും മികച്ച സ്കോർ പടുത്തുയർത്താൻ ഓസ്ട്രേലിയ ശ്രദ്ധിച്ചു. ആദ്യം ബാറ്റ് ചെയ്ത ആറു മത്സരങ്ങളിൽ 400 പ്ലസ് റണ്‍സായിരുന്നു ഓസ്ട്രേലിയ നേടിയത്.
2024 ജനുവരിയിൽ ഓസ്ട്രേലിയയെ എട്ടു റണ്‍സിനു വെസ്റ്റ് ഇൻഡീസ് തോൽപ്പിച്ചപ്പോഴും ടോസ് നിർണായകമായി. ടോസ് നേടിയ വിൻഡീസ് ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് എടുത്തിരുന്നു. ഓസ്ട്രേലിയയിൽ ഇതുവരെ നടന്ന 12 ഡേ-നൈറ്റ് ടെസ്റ്റുകളിൽ 11 എണ്ണത്തിലും ടോസ് നേടിയ ടീം ബാറ്റിംഗായിരുന്നു തെരഞ്ഞെടുത്തത്. 2017ൽ ഇംഗ്ലണ്ട് മാത്രമാണ് ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാതിരുന്നത്. അഡ്ലെയ്ഡിൽ നടന്ന ആ മത്സരത്തിൽ ഓസ്ട്രേലിയ 120 റണ്‍സിനു ജയിച്ചു.
ന്യൂബോൾ, ഫൈനൽ സെഷൻ
ഓസ്ട്രേലിയൻ മണ്ണിലെ പിങ്ക് ബോൾ ടെസ്റ്റിൽ ന്യൂബോൾ ആക്രമണം നിർണായകമാണെന്നും ഇതുവരെ കണ്ടുവരുന്നു. 2015-16 സീസണിനുശേഷം ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ 20 ഓവറിനുള്ളിൽ ഫാസ്റ്റ് ബൗളർമാരുടെ ആവറേജ് 33.02 ആണ്. പിങ്ക് ബോളിൽ അത് 24.56ലേക്ക് ചുരുങ്ങുന്നു. അതിൽത്തന്നെ ഓസ്ട്രേലിയൻ പേസർമാരാണെങ്കിൽ പിങ്ക് ബോളിലെ ആവറേജ് 18.87 ആണ്. സന്ദർശക ടീമുകളുടെ പേസർമാരുടെ ആവറേജ് 33.94ഉം.
ന്യൂ പിങ്ക് ബോളിൽ ബാറ്റർമാർ വിഷമിക്കുന്നത് ഇതുവരെ സാധാരണമാണ്. റെഡ് ബോൾ ടെസ്റ്റിനെ അപേക്ഷിച്ച് വിക്കറ്റ് വീഴ്ചയുടെ വേഗതയും പിങ്ക് ബോളിൽ കൂടുതലാണ്. പന്തിന്റെ മൂവ്മെന്റാണ് ഇതിന്റെ പ്രധാന കാരണം.
ഓസ്ട്രേലിയയിൽ പിങ്ക് ബോൾ ടെസ്റ്റിലെ ഫൈനൽ സെഷൻ അതികഠിനമാണ്. ബാറ്റർമാരുടെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണ് ഓരോദിവസത്തെയും ഫൈനൽ സെഷൻ. ഫൈനൽ സെഷനിൽ 20.30 ആണ് ഓസീസ് ഫാസ്റ്റ് ബൗളർമാരുടെ ആവറേജ്. 23.03, 32.01 എന്നതാണ് ആദ്യ രണ്ടു സെഷനിലെ ശരാശരി എന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം.
നിർണായക താരങ്ങൾ
ഓസ്ട്രേലിയയുടെ പിങ്ക് ബോൾ ടെസ്റ്റ് ജയങ്ങളിൽ നിർണായക പങ്കുവഹിച്ച മൂന്നു താരങ്ങളാണ് ബാറ്റർ മാർനസ് ലബൂഷെയ്ൻ, സ്പിന്നർ നഥാൻ ലിയോണ്‍, പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് എന്നിവർ. സന്ദർശക ടീമിന്റെ സ്പിന്നർമാർ ഓസ്ട്രേലിയൻ മണ്ണിൽ പിങ്ക് ബോൾ ടെസ്റ്റിൽ വിഷമിക്കുന്പോൾ നഥാൻ ലിയോണിന്റെ ശരാശരി 25.58 ആണ്. റെഡ് ബോളിനെ അപേക്ഷിച്ച് ഏഴു പന്ത് കുറവിലാണ് ലിയോണ്‍ വിക്കറ്റ് വീഴ്ത്തുന്നതെന്നതും ശ്രദ്ധേയം.
പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (66) ഉള്ള ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. പിങ്ക് ബോളിൽ 50ൽ കൂടുതൽ വിക്കറ്റുള്ള ഏക ബൗളറും സ്റ്റാർക്കാണ്. നഥാൻ ലിയോണ്‍ പിങ്ക് ബോൾകൊണ്ട് 43 വിക്കറ്റ് വീഴ്ത്തി രണ്ടാമതുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ബാറ്ററാണ് ലബൂഷെയ്ൻ. 14 ഇന്നിംഗ്സിൽനിന്ന് 63.85 ശരാശരിയിൽ 894 റൺസ് ലബൂഷെയ്നുണ്ട്.
എന്തിനും തയാർ: രാഹുൽ
പെർത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിംഗ് റോളിലെത്തിയ കെ.എൽ. രാഹുൽ നാളെ അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ഓപ്പണറാകുമെന്നാണ് കരുതപ്പെടുന്നത്.
രാഹുൽ-യശസ്വി ജയ്സ്വാൾ സഖ്യം ഓപ്പണിംഗ് ചെയ്യുന്പോൾ ശുഭ്മാൻ ഗിൽ മൂന്നാം നന്പറിലും വിരാട് കോഹ്ലി നാലാം നന്പറിലും എത്തും. അഞ്ചാം നന്പറായി ആയിരിക്കും രോഹിത് ശർമ ക്രീസിലെത്തുക എന്നാണ് കരുതപ്പെടുന്നത്.
ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് എതിരായ പരിശീലന മത്സരത്തിൽ കോഹ്ലി കളിക്കാതിരുന്നതോടെ രോഹിത് നാലാം നന്പറിൽ എത്തിയിരുന്നു. എന്നാൽ, ടീം ഷീറ്റിൽ അഞ്ചാം നന്പറിലായിരുന്നു രോഹിത്.
നെറ്റിൽ രോഹിത് അഞ്ച്
ഇന്ത്യയുടെ നെറ്റ്സ് ബാറ്റിംഗ് പരിശീലനത്തിൽ കെ.എൽ. രാഹുൽ-യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ - വിരാട് കോഹ്ലി, രോഹിത് - ഋഷഭ് പന്ത് എന്നിങ്ങനെ പെയർ ആയാണ് എത്തിയത്. പേസ് ബൗളർമാരെ നേരിട്ടപ്പോഴായിരുന്നു ഈ രീതിയിൽ ഇന്ത്യൻ ബാറ്റർമാർ നെറ്റ്സിൽ പരിശീലനം നടത്തിയത്.
സ്പിന്നിനെ നേരിടാൻ തുടങ്ങിയപ്പോൾ ഇതിനു മാറ്റം വന്നു. കോഹ്ലിയും രാഹുലുമായിരുന്നു സ്പിന്നിനെ ഒന്നിച്ചു നേരിട്ടത്. നാളെ ടീം ഷീറ്റ് പുറത്തുവരുന്നതുവരെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ അനിശ്ചിതത്വത്തിലാണ്.
നെറ്റ്സിൽ ബുംറ x കോഹ്ലി
പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റണ്‍സിനു കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ നാളെ ആരംഭിക്കുന്ന രണ്ടാം പോരാട്ടത്തിനായി തയാറെടുക്കുന്നത്. ഒന്നാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ജസ്പ്രീത് ബുംറയുടെ പന്തുകൾ നെറ്റ്സിൽ നേരിട്ടായിരുന്നു ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ പരിശീലനം. പെർത്തിൽ എട്ടു വിക്കറ്റ് ബുംറ വീഴ്ത്തിയിരുന്നു.
അഡ്ലെയ്ഡിൽ നാളെ ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് പേസർമാരെ നേരിടാനുള്ള പ്രത്യേക പരിചയത്തിനുവേണ്ടിയാണ് ബുംറയെ ഏറെനേരം കോഹ്ലി നെറ്റ്സിൽ നേരിട്ടത്. പെർത്തിലെ രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി (100*) സെഞ്ചുറി നേടിയിരുന്നു.