രണ്ടു വർഷത്തിനുശേഷം സിന്ധുവിനു ട്രോഫി
Monday, December 2, 2024 4:09 AM IST
ലക്നോ: സയീദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ പി.വി. സിന്ധു ജേതാവ്. പുരുഷ സിംഗിൾസ് ട്രോഫി ലക്ഷ്യ സെൻ സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരം വു ലു യുവിനെ കീഴടക്കിയാണ് സിന്ധുവിന്റെ കിരീടധാരണം. സ്കോർ: 21-14, 21-16.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിന്ധു പോഡിയം ഫിനിഷ് നടത്തുന്നത്. 2022 ജൂലൈയിൽ സിംഗപ്പുർ ഓപ്പണിലായിരുന്നു ഇതിനു മുന്‍പ് സിന്ധു ജേതാവായത്. പുരുഷ സിംഗിൾസിൽ സിംഗപ്പുരിന്റെ ജസൺ ടെഹിനെ 21-6, 21-7നു കീഴടക്കി ലക്ഷ്യ ജേതാവായി.
ട്രീസ-ഗായത്രി
വനിതാ ഡബിൾസിലും ഇന്ത്യൻ താരങ്ങൾക്കാണു കിരീടം. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യം ചൈനയുടെ ബാവൊ ലിജിങ്-ലി ക്വീയാൻ കൂട്ടുകെട്ടിനെ ഫൈനലിൽ 21-18, 21-11നു കീഴടക്കി.