ആറും സമാസമം
സോബിച്ചൻ തറപ്പേൽ
Monday, December 2, 2024 4:09 AM IST
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി. ഗുകേഷും മൂന്നു പോയിന്റ് വീതം നേടി സമനിലയിൽ തുടരുന്നു.
ഇന്നലെ നടന്ന ആറാം റൗണ്ടിൽ ബ്ലാക്ക് കരുക്കൾ നീക്കിയ ഗുകേഷ് 46-ാം നീക്കത്തിൽ ലോക ചാന്പ്യനെ വീണ്ടും സമനിലയിൽ തളച്ചു. ഇതുവരെ ഇരുവർക്കും ഓരോ വിജയവും നാലു സമനിലകളുമാണുള്ളത്. 14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിൽ 7.5 പോയിന്റ് നേടാനായാൽ അഞ്ചു തവണ ചാന്പ്യനായ വിശ്വനാഥൻ ആനന്ദിനുശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ജേതാവാകും ഗുകേഷ്. മത്സരത്തിലെ രണ്ടാമത്തെ വിശ്രമദിനമാണിന്ന്.
ഡിങ് ലിറൻ വെള്ള കരുക്കളുമായി കളിച്ച മൂന്നു കളികളിലും വ്യത്യസ്ത ഓപ്പണിംഗാണ് നടത്തിയത്. ആറാം ഗെയിമിൽ ’ഡി4 ’ ഓപ്പണിംഗായിരുന്നു. എൻഎഫ്3 നീക്കിയാണ് ഗുകേഷ് മറുപടി നല്കിയത്. ലണ്ടൻ സിസ്റ്റത്തിലേക്കു നീങ്ങിയ ഈ ഗെയിമിന്റെ ആദ്യ 11 നീക്കങ്ങൾ അതിവേഗതയിലായിരുന്നു.
പതിവിനു വിപരീതമായി ആദ്യ 20 നീക്കങ്ങൾക്ക് ഡിങ് ഏഴു മിനിറ്റു മാത്രമെടുത്തപ്പോൾ എതിരാളിയെക്കാൾ വൈറ്റിന് 40 മിനിറ്റ് സമയ ലാഭമുണ്ടായിരുന്നു. ബ്ലാക്ക് ആദ്യം കിംഗ് സൈഡ് കാസിലിംഗ് നടത്തിയും പിന്നീട് വൈറ്റ് ക്വീൻ സൈഡ് കാസലിംഗ് നടത്തിയും തങ്ങളുടെ രാജാക്കന്മാരെ സുരക്ഷിതരാക്കി. 20 നീക്കങ്ങൾ കഴിഞ്ഞപ്പോൾ ക്വീനുകൾ പരസ്പരം വെട്ടിമാറാനുള്ള അവസരം ഡിങ് ഒരുക്കിയെങ്കിലും ഗുകേഷ് അതിനു തയാറായില്ല.
ത്രീഫോൾഡ് റെപ്പറ്റീഷൻ കളിയിൽ വരുത്തി സമനിലയിൽ പിരിയാനുള്ള ഡിങിന്റെ ആഗ്രഹത്തെയും ഗുകേഷ് മാനിച്ചില്ല. പൊസിഷനിൽ മികവൊന്നുമില്ലായിരുന്നുവെങ്കിലും ഒരു ചൂതാട്ടത്തിനു തയാറായി കളി തുടരാൻ ഗുകേഷ് തീരുമാനിക്കുകയായിരുന്നു. പിന്നീട് ക്വീനുകളും ബോർഡിനു പുറത്തായപ്പോൾ റൂക്ക് എൻഡ് ഗെയിമിലേക്കായി തുടർ നീക്കങ്ങൾ. 36-ാം നീക്കത്തിൽ കെജി7 കളിച്ച് നേരിയ മുൻതൂക്കം നേടാനുള്ള അവസരം ഗുകേഷ് നഷ്ടപ്പെടുത്തിക്കൊണ്ട് പോണ് ഇ3 യിലേക്കുനീക്കി.
38-ാം നീക്കത്തിൽ ബ്ലാക്കിന്റെ ഇരുതേരുകളും ഇ ഫയലിൽ അണിനിരന്നുവെങ്കിലും ഇ3 പോണിനെ ഡിങ് തേരുപയോഗിച്ച് തടഞ്ഞിരുന്നതിനാൽ പ്രഹരശക്തിയില്ലായിരുന്നു. തുടർന്നുള്ള നീക്കങ്ങൾ സമനിലയിലേക്കെത്തിച്ചു. ഡിങ് നൽകിയ ത്രീഫോൾഡ് റെപ്പറ്റീഷനിലൂടെയുള്ള സമനില വാഗ്ദാനം ഗുകേഷ് സ്വീകരിക്കുകയായിരുന്നു.