ഭിന്നശേഷി ദിനത്തിൽ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിനൊപ്പം പന്തുതട്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ
Wednesday, December 4, 2024 12:46 AM IST
കൊച്ചി: ലോക ഭിന്നശേഷി ദിനത്തില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും കോച്ചും.
കടവന്ത്ര ഗാമ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ബ്ലൈന്‍ഡ് ഫുട്ബോള്‍ നാഷണല്‍ ടീം ക്യാമ്പ് സന്ദര്‍ശിച്ച്, ടീമിനോടൊപ്പം സമയം ചെലവഴിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായത്.
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങളായ മിലോസ് ഡ്രിന്‍സിച്ച്, അലക്സാന്‍ഡ്രേ കൊയെഫ്, മുഹമ്മദ് അയ്മന് എന്നിവരും പരിശീലകൻ മൈക്കല്‍ സ്റ്റാറെയുമാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ക്യാമ്പ് സന്ദര്‍ശിച്ചത്.
ക്യാമ്പില്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം അരമണിക്കൂറോളം ചെലവഴിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും ബ്ലൈന്‍ഡ് ഫോള്‍ഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പങ്കെടുക്കുകയും 16 മുതല്‍ റഷ്യയില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ പാരാ ഫുട്ബോള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേരുകയും ചെയ്തു.