ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് ; വീണ്ടും സമനിലപ്പൂട്ട്
Sunday, December 1, 2024 2:20 AM IST
സോബിച്ചൻ തറപ്പേൽ
വെള്ള കരുക്കളുമായി ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങിയ ചലഞ്ചർ ഇന്ത്യയുടെ ഡി. ഗുകേഷ് നിലവിലെ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെ സമനിലയിൽ തളച്ചു.
14 ഗെയിം ഉള്ള ചാന്പ്യൻഷിപ്പിൽ ഇരുവരും ഓരോ വിജയവും മൂന്നു സമനിലകളുമായി രണ്ടര പോയിന്റു വീതം നേടി തുല്യതയിലാണ്. ഏഴര പോയിന്റ് നേടുന്നയാൾ വിജയിയാകും. ആറാം ഗെയിം ഇന്നു നടക്കും.
ഒന്നാം റൗണ്ടിൽ വെള്ള കരുവിൽ നടത്തിയ ‘e4’ ഓപ്പണിംഗ് തന്നെയാണ് ഗുകേഷ് അഞ്ചാം ഗെയിമിലും സ്വീകരിച്ചത്. ഒന്നാം ഗെയിമിലെപ്പോലെതന്നെ ഡിങ് ഫ്രഞ്ചു ഡിഫൻസിൽ മറുപടിനല്കി. പിന്നീട് ഇതിന്റെ, എക്സ്ചേഞ്ച് വേരിയേഷനിലൂടെ കളി പുരോഗമിച്ചു.
ഒന്പതാം നീക്കത്തിൽതന്നെ ക്വീനുകൾ വെട്ടിമാറ്റപ്പെട്ടപ്പോൾ ബ്ലാക്കിന്റെ കാസലിംഗ് തടയാൻ ഗുകേഷിനു സാധിച്ചു. വൈറ്റ് കാസലിംഗ് നടത്തിയശേഷം ഓരോ തേരുകളെയും ബോർഡിനു പുറത്തെത്തിച്ചു. 14-ാം നീക്കത്തിൽ വൈറ്റിന്റെ കുതിര ‘d2’ വിലേക്കു വന്നപ്പോൾ തുടർനീക്കം നടത്താൻ ഡിങ് 33 മിനിറ്റാണ് എടുത്തത്.
ഒന്നും മൂന്നും ഗെയിമുകളിൽ ഗുകേഷ് നടത്തിയ കിംഗ് സൈഡിലെ ‘g4’ ആക്രമണം ഈ ഗെയിമിലും ആവർത്തിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാൻ അതു മതിയായിരുന്നില്ല.
പിന്നീട് 23-ാം നീക്കത്തിൽ ബ്ലാക്കിന്റെ ഒരു പിസിനെ തേരുകൊണ്ട് എടുക്കേണ്ടതിനു പകരം പോണുകൊണ്ട് എടുത്തതിനാൽ ഡിങ് ലിറനു ബോർഡിൽ നേരിയ മുൻതൂക്കം ലഭിച്ചു.
സമ്മർദത്തിനടിപ്പെടാതെ ശ്രദ്ധാപൂർവം തുടർനീക്കങ്ങൾ നടത്തിക്കൊണ്ട്, പോർമുഖത്തെ തേരും കുതിരയുമാക്കെ വെട്ടിമാറ്റി ഗുകേഷ് തുല്യനില കൈവരിച്ചു. 40-ാം നീക്കത്തോടെ അഞ്ചാം ഗെയിമിലും പോയിന്റ് പങ്കുവച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.