9k വില്യംസണ്
Sunday, December 1, 2024 2:20 AM IST
ക്രൈസ്റ്റ്ചർച്ച്: സൂപ്പർ ബാറ്റർ കെയ്ൻ വില്യംസണ് റിക്കാർഡ് നേട്ടം കുറിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് പരുങ്ങലിൽ.
രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് മൈത്രം കൈയിലിരിക്കേ ന്യൂസിലൻഡിന് വെറും നാലു റണ്‍സ് മാത്രമാണ് ലീഡുള്ളത്. ബാസ്ബോൾ ക്രിക്കറ്റിലൂടെ മത്സരത്തിലേക്കു തിരിച്ചെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 151 റണ്‍സ് ലീഡ് നേടിയിരുന്നു. സ്കോർ: ന്യൂസിലൻഡ് 348, 155/6. ഇംഗ്ലണ്ട് 499.
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി ഹാരി ബ്രൂക്ക് (171), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (80), ഗസ് അറ്റ്കിൻസണ് (48), ബ്രൈഡൻ കാഴ്സ് (33 നോട്ടൗട്ട്) എന്നിവർ ഓവറിൽ ശരാശരി ആറു റണ്‍സ് വീതമായിരുന്നു നേടിയത്. രണ്ടാം ദിനം അവസാനിച്ചപ്പോൾ ബ്രൂക്കിന് 132ഉം സ്റ്റോക്സിന് 37ഉം റണ്‍സായിരുന്നു. 71/4 എന്ന നിലയിൽനിന്നായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.
151 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ 93 റണ്‍സ് നേടിയ ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണ് രണ്ടാം ഇന്നിംഗ്സിൽ 61 റണ്‍സ് സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 9,000 ക്ലബ്ബിലും താരം ഇടം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലൻഡ് താരമാണ് വില്യംസണ്.