പാലക്കാട് 30 കോടിയുടെ സ്പോർട്സ് ഹബ്
Tuesday, December 3, 2024 12:03 AM IST
പാലക്കാട്: ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്തു സ്പോർട്സ് ഹബ് നിർമിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി.
കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാറും ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ എം. മണികണ്ഠനും ഒപ്പുവച്ചു.
എല്ലാ ജില്ലകളിലും അത്യാധുനികനിലവാരത്തോടെയുള്ള സ്റ്റേഡിയം നിർമിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പാലക്കാട് പുതിയ പ്രോജക്ടിനു തുടക്കം കുറിക്കുന്നതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33 വർഷത്തേക്കു പാട്ടത്തിനെടുത്താണ് ഹബ് നിർമിക്കുന്നത്. പാട്ടക്കരാർ ഡിസംബറിൽ ഒപ്പിടും. ജനുവരിയിൽ ആദ്യഘട്ടനിർമാണം ആരംഭിക്കും.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായികപദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ളഡ്ലൈറ്റ്, ക്ലബ്ഹൗസ്, നീന്തൽക്കുളം, ബാസ്കറ്റ്ബോൾ - ഫുട്ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നു കെസിഎ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ പറഞ്ഞു.
ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടനിർമാണം 2026ൽ പൂർത്തീകരിക്കും. രണ്ടാംഘട്ടം 2027 ഏപ്രിൽ മാസം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതിയിലൂടെ ക്ഷേത്രത്തിനു 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും പ്രതിവർഷം 21,35,000 രൂപ വരുമാനവും ലഭിക്കുമെന്നു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി പറഞ്ഞു.