തട്ടകത്തിൽ ഗോകുലം
Tuesday, December 3, 2024 12:03 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സി 2024-25 സീസണിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനു കളത്തിൽ.
സീസണിലെ ആദ്യ രണ്ട് എവേ പോരാട്ടങ്ങൾക്കുശേഷം ഇന്നു സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം കേരള മിസോറം ക്ലബ്ബായ ഐസ്വാൾ എഫ്സിയെ നേരിടും. വൈകുന്നേരം 7.00നാണ് കിക്കോഫ്.
സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി അറിയാതെയാണ് മുൻ ചാന്പ്യന്മാരായ ഗോകുലം കളത്തിൽ ഇറങ്ങുന്നത്. ഐ ലീഗ് ചാന്പ്യന്മാരായാൽ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് (ഇന്ത്യൻ സൂപ്പർ ലീഗ്) സ്ഥാനക്കയറ്റം ലഭിക്കുമെന്നതു മുന്നിൽക്കണ്ടാണ് ഗോകുലം പോരാടുക.
സീസണിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാണിനെ (3-2) കീഴടക്കിയ ഗോകുലം കേരള, രണ്ടാം മത്സരത്തിൽ റിയൽ കാഷ്മീരുമായി (1-1) സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി. മഴയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന വെല്ലുവിളി.