ദ്വിദിനം ഏകദിനമായി...
Sunday, December 1, 2024 2:20 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള ടീം ഇന്ത്യയുടെ പിങ്ക് ബോൾ പരിശീലനമത്സരത്തിന്റെ ആദ്യദിനം മഴയിൽ മുങ്ങി. ഇടവിട്ടെത്തിയ മഴയിൽ ദ്വിദിന പരിശീലനമത്സരത്തിന്റെ ആദ്യദിവസം മത്സരം നടന്നില്ല. ഇതോടെ രണ്ടാം ദിനമായ ഇന്ന് ഏകദിന രീതിയിൽ 50 ഓവർ മത്സരം നടക്കും.
ഇന്നലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എത്തിയാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനു ക്യാപ് നൽകിയത്. തുടർന്ന് അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മറ്റ് ടീമംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചു. ടീം ഇന്ത്യക്കൊപ്പം ചിത്രത്തിനു പോസ് ചെയ്തശേഷമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മടങ്ങിയത്.
ഈ മാസം ആറിന് ആരംഭിക്കുന്ന ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് പരിശീലന മത്സരം. അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ കളിക്കുന്ന രണ്ടാമത് ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്ലെയ്ഡിൽ നടക്കുക.
പരന്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റൻ ജയം നേടിയിരുന്നു. ഇന്ത്യ ഇതുവരെ നാലു പിങ്ക് ബോൾ ടെസ്റ്റ് കളിച്ചു. അതിൽ മൂന്നിലും ജയിച്ചു. ഏക തോൽവി 2020ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു.