ഓസീസിനു പരിക്കു ഭീഷണി
Wednesday, December 4, 2024 12:46 AM IST
അഡ്ലെയ്ഡ്: വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനു മുന്‍പ് ഓസ്ട്രേലിയൻ ടീം ക്യാന്പിൽ പരിക്കു ഭീഷണി. ഡേ-നൈറ്റായി പങ്ക് ബോളിൽ കളിക്കുന്ന മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ഓസീസ് ബാറ്റർമാരായ സ്റ്റീവ് സ്മിത്തിനും മാർനസ് ലബൂഷെയ്നും പരിക്കേറ്റതായാണ് വിവരം.
നെറ്റ്സിൽ ബാറ്റിംഗ് പരിശീലനത്തിനിടെ സ്മിത്തിന്റെ വലതു തള്ളവിരലിനു പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ ലബൂഷെയ്ന്റെ ദേഹത്തും പന്തു കൊണ്ടു. ചെറിയ പരിചരണങ്ങൾക്കുശേഷം ലബൂഷെയ്ൻ പരിശീലനം തുടർന്നു. പരിക്കേറ്റ പ്രീമിയർ പേസർ ജോഷ് ഹെയ്സൽവുഡ് ഇല്ലാതെയാണ് ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്.
ഹെയ്സൽവുഡിനു പകരം സ്കോട്ട് ബോലണ്ട് പ്ലേയിംഗ് ഇലവനിൽ എത്തിയേക്കും. ഇതിനിടെയാണ് രണ്ടു ബാറ്റർമാർക്കു പരിക്കേറ്റതെന്നതും ശ്രദ്ധേയം. അതേസമയം, അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇരുവരും കളിക്കുമെന്നാണ് റിപ്പോർട്ട്.
അഞ്ചു മത്സര ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. 2020ൽ അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയെ ഓസ്ട്രേലിയ ആധികാരികമായി കീഴടക്കിയിരുന്നു. അഡ്ലെയ്ഡിൽ ഓസ്ട്രേലിയൻ ടീം പിങ്ക് ബോൾ ടെസ്റ്റിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.