ഉജ്വല ഉർവിൽ ; മൂന്നു മത്സരത്തിനിടെ രണ്ട് അതിവേഗ സെഞ്ചുറി
Wednesday, December 4, 2024 12:46 AM IST
ഇൻഡോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിൽ ആറുദിവസത്തിന്റെ ഇടവേളയിൽ രണ്ടാം അതിവേഗ സെഞ്ചുറിയുമായി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേൽ.
ഉത്തരാഖണ്ഡിനെതിരേ ഇന്നലെ നടന്ന മത്സരത്തിൽ 36 പന്തിൽ ഉർവിൽ സെഞ്ചുറി തികച്ചു. മൂന്നു മത്സരത്തിനിടെ ഈ വലം കൈ ബാറ്ററിന്റെ രണ്ടാം സെഞ്ചുറിയാണ്. നവംബർ 27നു ത്രിപുരയ്ക്കെതിരേ 28 പന്തിൽ ഉർവിൽ സെഞ്ചുറി നേടിയിരുന്നു.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡാണ് ത്രിപുരയ്ക്കെതിരായ മത്സരത്തിൽ ഉർവിൽ കുറിച്ചത്. 2018 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കുവേണ്ടി ഹിമാചൽപ്രദേശിനെതിരേ 32 പന്തിൽ ഋഷഭ് പന്ത് നേടിയതായിരുന്നു അതുവരെയുള്ള വേഗമേറിയ സെഞ്ചുറി.
ത്രിപുരയ്ക്കെതിരായ സെഞ്ചുറി ആകസ്മികമല്ലായിരുന്നെന്നു തെളിയിച്ചായിരുന്നു ഇന്നലെ ഉത്തരാഖണ്ഡിനെതിരേയും ഉർവിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചത്.
ഒരു ഇന്ത്യൻ ബാറ്ററിന്റെ വേഗമേറിയ ട്വന്റി-20 സെഞ്ചുറിയിൽ ആദ്യ അഞ്ചിൽ രണ്ട് എണ്ണവും ഇതോടെ ഉർവിൽ പട്ടേലിനു സ്വന്തം.
രോഹിത് ശർമ 36 പന്തിൽ ശ്രീലങ്കയ്ക്കെതിരേയും (2017) ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി മുംബൈ ഇന്ത്യൻസിനെതിരേ 37 പന്തിലും സെഞ്ചുറി നേടിയതാണ് ആദ്യ അഞ്ചിലെ മറ്റു പ്രകടനങ്ങൾ.
ഉത്തരാഖണ്ഡിനെതിരേ 41 പന്തിൽ 115 റണ്സ് ഉർവിൽ സ്വന്തമാക്കി. എട്ടു ഫോറും 11 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. മത്സരത്തിൽ ഗുജറാത്ത് എട്ടു വിക്കറ്റ് ജയം സ്വന്തമാക്കി.
അതേസമയം, 2025 ഐപിഎൽ മെഗാ താര ലേലത്തിൽ ഉർവിൽ പട്ടേലിനെ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാൻ തയാറായില്ലെന്നതും ശ്രദ്ധേയം. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. 2023ൽ 20 ലക്ഷം രൂപയ്ക്കു ഗുജറാത്ത് ടൈറ്റൻസ് ഉർവിലിനെ സ്വന്തമാക്കിയിരുന്നു.