2025 ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ; പിസിബി വഴങ്ങി, പക്ഷേ...
Sunday, December 1, 2024 2:20 AM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ വേദി സംബന്ധിച്ച ഇന്ത്യ x പാക്കിസ്ഥാൻ തർക്കത്തിൽ ചെറിയ അയവു വന്നതായി സൂചന.
2025ൽ പാക്കിസ്ഥാനിലാണ് ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് അരങ്ങേറേണ്ടത്. എന്നാൽ, ചാന്പ്യൻസ് ട്രോഫിക്കുവേണ്ടി ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യൻ സർക്കാൻ വ്യക്തമാക്കിയതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.
ചാന്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച തർക്കവും ആശങ്കയും പരിഹരിക്കാത്തതിനാൽ ഐസിസി ചെയർമാനായുള്ള ജയ് ഷായുടെ സ്ഥാനാരോഹണവും നീളുകയാണ്.
പാക്കിസ്ഥാന്റെ തന്ത്രം
2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താമെന്നു പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അംഗീകരിച്ചതായാണ് സൂചന. ഹൈബ്രിഡ് മോഡലാണെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനു പുറത്തുവച്ചു നടത്തപ്പെടുമെന്നു ചുരുക്കം. അതേസമയം, ഹൈബ്രിഡ് മോഡലിൽ ചാന്പ്യൻസ് ട്രോഫി നടത്തണമെങ്കിൽ രണ്ട് ആവശ്യങ്ങൾ പിസിബി മുന്നോട്ടുവച്ചു എന്നതും ശ്രദ്ധേയം.
1. ഹൈബ്രിഡ് മോഡലിൽ 2025 ചാന്പ്യൻസ് ട്രോഫി നടത്തണമെങ്കിൽ പിസിബിക്കുള്ള ഐസിസിയുടെ വരുമാന പങ്കാളിത്തത്തിൽ വർധന ഏർപ്പെടുത്തണം.
2. 2031നു വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർണമെന്റുകളിലും ഹൈബ്രിഡ് മോഡൽ നടപ്പാക്കണം. അതായത്, പാക്കിസ്ഥാന്റെ മത്സരങ്ങൾ പാക്കിസ്ഥാനിൽവച്ചു നടത്തണമെന്നു ചുരുക്കം.
2025 വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വന്റി-20 ലോകകപ്പ്, 2029 ചാന്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നിങ്ങനെ നാല് ഐസിസി ടൂർണമെന്റുകൾ 2031വരെയായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്.