സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 : കേരളത്തിനു രണ്ടാം തോൽവി.
Wednesday, December 4, 2024 12:46 AM IST
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ കേരളത്തിനു രണ്ടാം തോൽവി. ഇന്നലെ ആന്ധ്രപ്രദേശിനോട് ഞെട്ടിപ്പിക്കുന്ന തോൽവിയാണ് കേരളം വഴങ്ങിയത്. ആറു വിക്കറ്റിനായിരുന്നു ആന്ധ്രയുടെ ജയം.
ആദ്യം ക്രീസിലെത്തിയ കേരളത്തിനു ബാറ്റിംഗ് പിഴച്ച ദിവസമായിരുന്നു. 18.1 ഓവറിൽ 87 റണ്‍സിനു കേരളം പുറത്തായി. 13 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആന്ധ്ര ജയത്തിലെത്തി. 33 പന്തിൽ 56 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ധ്രയുടെ ശിഖർ ഭരത്താണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ കേരളത്തിന്റെ ഓപ്പണർമാരായ സഞ്ജു സാംസണിനും (7) രോഹൻ കുന്നുമ്മലിനും (9) രണ്ടക്കം കാണാൻ സാധിച്ചില്ല. മുഹമ്മദ് അസ്ഹറുദ്ദീൻ (0), സൽമാൻ നിസാർ (3), വിഷ്ണു വിനോദ് (3) എന്നിവരും നിരാശപ്പെടുത്തിയതോടെ 8.1 ഓവറിൽ 48/5 എന്ന അവസ്ഥയിലായി കേരളം. 22 പന്തിൽ 27 റണ്‍സ് നേടിയ ജലജ് സക്സേനയാണ് കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർ. എട്ടാം നന്പറായി ക്രീസിലെത്തിയ അബ്ദുൾ ബാസിത് 18 റണ്‍സ് നേടി.
ഗ്രൂപ്പ് ഇയിൽ ആറു മത്സരങ്ങളിൽനിന്ന് നാലു ജയവും രണ്ടു തോൽവിയുമായി 16 പോയിന്റോടെ കേരളം മൂന്നാം സ്ഥാനത്താണ്. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ആന്ധ്രപ്രദേശ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ശിവം ദുബെ (37 പന്തിൽ 71 നോട്ടൗട്ട്), സൂര്യകുമാർ യാദവ് (46 പന്തിൽ 70) എന്നിവരുടെ ബലത്തിൽ സർവീസസിനെതിരേ 39 റണ്‍സ് ജയം നേടിയ മുംബൈയാണ് (20 പോയിന്റ്) ടേബിളിൽ രണ്ടാമത്. സ്കോർ: മുംബൈ 20 ഓവറിൽ 192/4. സർവീസസ് 19.3 ഓവറിൽ 153.