സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനിലയുമായി ഗോകുലം കേരള എഫ്സി
Wednesday, December 4, 2024 12:46 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ രണ്ടാം സമനില.
2024-25 സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഗോകുലം കേരള 1-1നു മിസോറം ടീമായ ഐസ്വാൾ എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ രണ്ടു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ ലാൽറിൻഫെലയിലൂടെ സന്ദർശകർ ലീഡ് നേടി. ഗോൾ മടക്കാനുള്ള ഗോകുലം കേരളയുടെ ശ്രമം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഫലം കണ്ടത്. 45+1-ാം മിനിറ്റിൽ മിന്നുന്ന ലോംഗ് റേഞ്ചിലൂടെ പി.പി. റിഷാദ് ഐസ്വാളിന്റെ വല കുലുക്കി. സെർജിയൊ ലാമസായിരുന്നു ഗോളിലേക്കുള്ള വഴി തുറന്നത്. അതോടെ 1-1ന്റെ തുല്യതയുമായി ഗോകുലം കേരള ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ഗോകുലം കേരളയുടെ ശ്രമങ്ങൾക്ക് ഐസ്വാളിന്റെ പ്രതിരോധവും ഗോൾ കീപ്പറും തടയിട്ടു. ജയത്തിനായുള്ള ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ പോയിന്റ് പങ്കുവച്ച് ഇരുടീമും മൈതാനംവിട്ടു.
മറ്റൊരു മത്സരത്തിൽ ഗോവൻ ക്ലബ്ബായ ഡെംപൊ എസ്സി പഞ്ചാബിൽനിന്നുള്ള നാംധാരി എഫ്സിയെ കീഴടക്കി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡെംപൊയുടെ ജയം. സീസണിൽ ഡെംപൊയുടെ രണ്ടാം ജയമാണ്.
മൂന്നു റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഡെംപൊ രണ്ടു ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴു പോയിന്റുമായി ലീഗിന്റെ തലപ്പത്തെത്തി. രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുള്ള ഇന്റർ കാശി എഫ്സിയാണ് രണ്ടാമത്. ഐസ്വാളിനും ഗോകുലം കേരളയ്ക്കും അഞ്ചു പോയിന്റ് വീതമാണ്. ഗോൾ വ്യത്യാസത്തിൽ ഐസ്വാളാണ് മൂന്നാം സ്ഥാനത്ത്.