സംസ്ഥാന സ്കൂൾ കായികമേള : സമ്മാനദാനത്തിൽ പ്രതിഷേധവും വാക്പോരും
Tuesday, November 12, 2024 2:34 AM IST
തോമസ് വർഗീസ്
കൊച്ചി: "ഒളിന്പിക്സ് മാതൃകയിൽ' എന്ന പ്രഖ്യാപനത്തോടെ നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയിൽ ചാന്പ്യൻ സ്കൂളുകളെ നിർണയിക്കുന്നതിലുണ്ടായ അപാകതയിൽ പ്രതിഷേധവും വാക്പോരും.
പ്രതിഷേധിച്ച കായികവിദ്യാർഥികൾക്കു നേരേ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് അധ്യാപകർ ഉൾപ്പെടെയുള്ളവർ മഹാരാജാസ് ഗ്രൗണ്ടിൽ കുത്തിയിരുന്നു. ഇതോടെ മണിക്കൂറുകളോളം ഗ്രൗണ്ടിൽ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കായികമേളയിലെ ഓവറോൾ ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തിരുവനന്തപുരം ജില്ലയ്ക്കു സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടതിനു പിന്നാലെ മറ്റു ട്രോഫികൾ വിതരണം ചെയ്തുതുടങ്ങുന്പോഴാണ് പ്രതിഷേധത്തിനു തുടക്കം.
മികച്ച സ്കൂളുകളിൽ രണ്ടാം സ്ഥാനക്കാരെ വിളിച്ചപ്പോൾ ബഹളം തുടങ്ങി. സർക്കാർ സ്പോർട്സ് സ്കൂളായ ജി.വി. രാജാ സ്കൂളിനു റണ്ണേഴ്സ് അപ് ട്രോഫി നല്‍കിയതിനെയാണു മറ്റു സ്കൂളുകൾ ചോദ്യം ചെയ്തു രംഗത്തെത്തിയത്.
സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ഇതുവരെ ചാന്പ്യൻ സ്കൂൾ പട്ടികയിൽ സ്പോർട്സ് സ്കൂളുകളെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഇത്തവണ അത്തരത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതായി ഒരു സർക്കുലർ പോലും ലഭിച്ചിരുന്നില്ലെന്നും കായികാധ്യാപകർ പറയുന്നു. അടുത്ത സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് നടക്കും.
ട്രോഫി തിരികെ നല്‍കാം: ജിവി രാജ പരിശീലകന്
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന സമ്മാനദാനം വിവാദമായ പശ്ചാത്തലത്തിൽ, ട്രോഫി തിരിച്ചു കൊടുക്കാന്‍ തയാറാണെന്ന് തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന്റെ പരിശീലകന് അജിമോന്.
സമ്മാന വിതരണ സമയത്താണ് തങ്ങളെ രണ്ടാം സ്ഥാനത്തിനായി ക്ഷണിച്ചതെന്നും അതിനുശേഷമാണു കായികമേളയുടെ സൈറ്റില്‍ യഥാര്‍ഥഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും തങ്ങള്‍ ട്രോഫി തിരിച്ചുകൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജിവി രാജ ടീമിനു ട്രോഫി നൽകിയത് വൻപ്രതിഷേധത്തിനു കാരണമായിരുന്നു.