ലോംഗ്ജംപില് റിക്കാര്ഡിനടുത്ത പ്രകടനവുമായി അഞ്ചല്‍ ദീപ്
Sunday, November 10, 2024 2:00 AM IST
കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില് റിക്കാര്ഡിനടുത്ത പ്രകടനവുമായി മലപ്പുറം കടക്കാശേരി ഐഡിയല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ടി. അഞ്ചല്‍ ദീപ്. 7.01 മീറ്റര്‍ ചാടിയാണ് അഞ്ചല്‍ സ്വര്‍ണം നേടിയത്.
2019 ല്‍ കുറിക്കപ്പെട്ട 7.59 മീറ്ററാണ് ഈ ഇനത്തിലെ റിക്കാര്‍ഡ്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നാലാം സ്ഥാനത്ത് നിരാശയോടെ മടങ്ങേണ്ടിവന്ന അഞ്ചലിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇക്കുറി. മുന്‍ വര്‍ഷങ്ങളില്‍ പോള്‍വാള്‍ട്ടില്‍ വെള്ളിയും വെങ്കലവും നേടിയിരുന്നെങ്കിലും സ്വര്‍ണം മാത്രം അകലെയായിരുന്നു.
കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയാണ് അഞ്ചല്‍ ദീപ്. മെക്കാനിക്കായ അച്ഛന് രണ്‍ധീപ്, അമ്മ ഷിനിമ, സഹോദരന് അഞ്ജയ് ദീപ് എന്നിവര്‍ അടങ്ങുന്നതാണ് അഞ്ചലിന്റെ കുടുംബം. ഈ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി. രാജയിലെ ഫെമിക്സ് റിജീഷ് (6.93), എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ എസ്. ഷജല്ഖാന് (6.82) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ലോംഗ്ജംപിലെ ആദ്യമത്സരത്തില്‍ തന്നെ സ്വര്‍ണം നേടിയാണ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ തിരുവനന്തപുരം ജി.വി. രാജയുടെ കെ.അഖില മോള് (5.54) താരമായത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടക്കാശേരിയുടെ ഏഞ്ചല്‍ ജെയിംസ് (5.44), എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ അന്നാ റോസ് പോള്‍ (5.27) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.