സെഞ്ചൂറിയൻ തിലക്
Thursday, November 14, 2024 12:59 AM IST
സെഞ്ചൂറിയൻ: സെഞ്ചൂറിയനിൽ സെഞ്ചുറി നേടിയ തിലക് വർമയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 219 റണ്‍സ് എടുത്തു. 56 പന്തിൽ 107 റൺസ് നേടി പുറത്താകാതെനിന്ന തിലക് വർമയുടെ ബാറ്റിൽനിന്ന് എട്ടു ഫോറും ഏഴു സിക്സുമാണ് ബൗണ്ടറി കടന്നത്.
അഭിഷേക് ശർമ അർധ സെഞ്ചുറിയുമായി ഫോമിലെത്തിയപ്പോൾ സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായി. മാർക്കോ ജാൻസനാണ് ഇത്തവണയും വിക്കറ്റ്. രമണ്‍ദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയെന്നു വ്യക്തമാക്കുന്നതായിരുന്നു ജാൻസണ് എറിഞ്ഞ ആദ്യ ഓവർ. രണ്ടാം പന്തിൽ സഞ്ജു ക്ലീൻബൗൾഡ്. എന്നാൽ ഈ വീഴ്ചയ്ക്കുശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
അഭിഷേക് ശർമക്കൊപ്പം തിലക് വർമ ചേർന്നതോടെ സ്കോർ അനായാസം ഉയർന്നു. 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. 25 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സിന്റെയും അകന്പടിയിൽ 50 റണ്‍സ് നേടിയ അഭിഷേകിനെ കേശവ് മഹാരാജ് പുറത്താക്കി. ഹെൻറിക് ക്ലാസനാണ് ക്ലാച്ച് നേടിയത്.
മൂന്നു റണ്‍സ് കൂടി ഇന്ത്യൻ സ്കോർബോർഡിൽ എത്തിയശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (ഒന്ന്) പെട്ടെന്നു പുറത്തായത്. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ നേരം ക്രീസിൽ ചെലവഴിക്കാനായില്ല. മൂന്നു ഫോറുമായി 16 പന്തിൽ 18 റണ്‍സ് നേടിയ പാണ്ഡ്യയെ മഹാരാജ് വിക്കറ്റിനു മുന്നിൽ കുടുക്കി.
പതിവു ശൈലിയിലുള്ള ആക്രമണ ബാറ്റിംഗ് വേണ്ടെന്നുവച്ച റിങ്കു സിംഗ് തിലക് വർമയ്ക്കു പിന്തുണ നൽകി കളിച്ചു. തിലക് സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. എട്ടു റണ്‍സ് നേടിയ റിങ്കുവിനെ സിമേൽനെ 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ക്ലീൻബൗൾഡാക്കി. സിക്സ് നേടിക്കൊണ്ടാണ് അരങ്ങേറ്റതാരം രമണ്‍സിംഗ് കളി തുടങ്ങിയത്. അടുത്ത ഓവറിൽ ഫോർ നേടിക്കൊണ്ട് തിലക് വർമ കന്നി അന്താരാഷ്ട്ര സെഞ്ചുറി തികച്ചു.